മാനന്തവാടി: കോവിഡ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ പേരില്‍ കാല്‍നടക്കാരെപ്പോലും പീഡിപ്പിച്ചതായി നേരത്തേ പരാതി ഉയര്‍ന്ന മാനന്തവാടി പോലീസ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് (എസ്.എച്ച്.ഒ) എതിരെ വീണ്ടും പരാതി. പൊതുപ്രവര്‍ത്തകന്‍കൂടിയായ വരടിമൂല മടത്തുകുറ്റിയില് കെ.പി. വിജയനാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്.
70 വയസ്സുള്ള നിത്യരോഗിയായ വിജയന് ശനിയാഴ്ച വൃക്കരോഗിയായ മകന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കുന്നതിന് ഡിവൈ.എസ്.പി ഓഫിസിലേക്ക് നടന്നുപോകുമ്പോള്‍ എസ്.എച്ച്.ഒ അസഭ്യവര്‍ഷം നടത്തുകയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം. യാത്ര സംബന്ധിച്ച് എല്ലാ രേഖകളും കാണിച്ചിട്ടും ഉദ്യോഗസ്ഥന് ധിക്കാരപരമായി പെരുമാറിയതായാണ് പരാതി. എസ്.എച്ച്.ഒക്കെതിരെ ഇതിനുമുമ്പും പലരും ജില്ല പോലീസ് മേധാവിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. സി.ഐ.ക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ ഭാരവാഹികളും ആവശ്യപ്പെട്ടു.