കോഴിക്കോട് : പിടി ഉഷ ഉള്‍പ്പെട്ട വിവാദ നിര്‍മാണക്കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ ആര്‍.മുരളീധരനുമെതിരെ കൂടുതല്‍ പരാതികള്‍. 46 ലക്ഷം രൂപ നല്‍കിയിട്ടും ഫ്‌ലാറ്റ് കൈമാറാതെ വഞ്ചിച്ചതിന് മുരളീധരനും അത്‌ലറ്റ് പി.ടി ഉഷയുമടക്കം ഏഴ് പേര്‍ക്കെതിരെ വെള്ളയില്‍ പോലീസ് കേസെടുത്തിരുന്നു. മറ്റൊരു അത്‌ലറ്റായ ജെമ്മ ജോസഫിന്റെ പരാതിയിലൂടെ ഈ വിവരം പുറത്തുവന്നതോടെ നിരവധി പേരാണ് മുരളീധരനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഈസ്റ്റ്ഹില്‍ സ്വദേശിയായ ആര്‍.മുരളീധരന്‍ തടമ്പാട്ടുതാഴത്തിന് സമീപം നിര്‍മിച്ച ‘സ്‌കൈവാച്ച് ‘ ഫ്‌ലാറ്റ് സമുച്ചയത്തിനായി 50 ലക്ഷം രൂപ വരെ ഓരോരുത്തരില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. 44 ഫ്‌ലാറ്റുകളാണ് ഈ സമുച്ചയത്തിലുള്ളത്. ഒരുകേസില്‍ മാത്രമാണ് പി.ടി ഉഷക്കെതിരെ ആക്ഷേപമുള്ളത്.
കക്കോടി സ്വദേശി പ്രജീഷ് ചേവായൂര്‍ സ്‌റ്റേഷനിലും കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ ഡോ.എന്‍.സി ചെറിയാന്‍ വെള്ളയില്‍ സ്‌റ്റേഷനിലും മുരളീധരനെതിരെ പരാതി നല്‍കി. കേസെടുക്കാനുള്ള നടപടികള്‍ തുടങ്ങുമെന്നാണ് പരാതിക്കാരുടെ പ്രതീക്ഷ. പണി തീര്‍ന്നിട്ടും പണം വാങ്ങിയ ഒരു ഫ്‌ലാറ്റ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ആധാരവും മറ്റു രേഖകളും മുരളീധരന്‍ തിരിച്ചു തന്നില്ലെന്നാരോപിച്ച്, ഫ്‌ലാറ്റ് നിലനില്‍ക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള വസീമും ചേവായൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കി. തട്ടിപ്പിനിരയായവര്‍ സംഘടിച്ച് മുന്നോട്ടുപോകാനാണ് തീരുമാനം. കള്ളപ്പണമായതിനാല്‍ ചിലര്‍ പരാതി നല്‍കില്ലെന്ന് മുരളീധരന്‍ തന്നെ അവകാശപ്പെട്ടിരുന്നു. പലതരത്തില്‍ ബ്ലാക്ക്‌മെയിലിങ്ങും നടത്തിയതായി സൂചനയുണ്ട്.
അറിയപ്പെടുന്ന ഡോക്ടര്‍മാരടക്കമുള്ള സമൂഹത്തിലെ ഉന്നതരെ മുന്നില്‍ നിര്‍ത്തിയാണ് ഫ്‌ളാറ്റ് വില്‍പന നടത്തി വന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.വി നാരായണനും ഗൈനക്കോളജി വിഭാഗം മുന്‍ യൂനിറ്റ് മേധാവി ഡോ.വിനയചന്ദ്രനും മെല്ലോ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരാണെന്നാണ് വെബ് സൈറ്റിലും മറ്റുമുള്ളത്. നേരത്തേ ഒപ്പിട്ട് വാങ്ങി ഇവരെ വഞ്ചിക്കുകയായിരുന്നൂവെന്നും പറയുന്നു. ഒരു ഫ്‌ലാറ്റിന്റെ ഉടമ എന്ന നിലയില്‍ ഉപദേശക സമിതിയിലുണ്ടെന്നും ഡയറക്ടറല്ലെന്നും ഡോ.വിനയചന്ദ്രന്‍ പറഞ്ഞു. അതേസമയം മെല്ലോ ബില്‍ഡേഴ്‌സ് എന്ന പേരില്‍ ഡിബഞ്ചറുകളിലൂടെ നിക്ഷേപം സ്വീകരിക്കുന്ന പദ്ധതിയുടെ ബ്രോഷറിലും ഡോ.പി.വി നാരായണനും ഡോ.വിനയചന്ദ്രനും ഡയറക്ടര്‍മാരായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 24 ലക്ഷം നിക്ഷേപിച്ചാല്‍ 27,000 രൂപയും 12 ലക്ഷത്തിന് 12,500 രൂപയും മാസം വരുമാനമുണ്ടാകുമെന്നാണ് വാഗ്ദാനം.