തിരുവനന്തപുരം: മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഹക്കീം(36) ആണ് ഷാർജയിൽ വെച്ച് മരണപ്പെട്ടതായി വിവരം ലഭിച്ചത്. വാക്കുതർക്കം പരിഹരിക്കുന്നതിനുള്ള ശ്രമത്തിനിടെ ഹക്കീമിന് കുത്തേൽക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ ഷാർജ ബുതീനയിലാണ് സംഭവം നടന്നത്.
അടുത്തുള്ള കഫിത്തീരിയയിൽ വെച്ചാണ് സഹപ്രവർത്തകരും ഒരു പാകിസ്ഥാൻ സ്വദേശിയും തമ്മിൽ തർക്കമുണ്ടായി. ഇത് പരിഹരിക്കാൻ എത്തിയതായിരുന്നു ഹക്കീം. ഇതിനിടെ പാകിസ്ഥാൻ പൗരൻ കത്തിയെടുത്ത് മറ്റുള്ളവരെ കുത്തിവീഴ്‌ത്തുകയായിരുന്നു എന്നാണ് സൂചനകൾ. ഹക്കീമിനും മറ്റ് രണ്ട് മലയാളി സഹപ്രവർത്തകർക്കും ഒരു ഈജിപ്തുകാരനും ആക്രമത്തിൽ പരിക്കേറ്റിരുന്നു. സഹോദര എന്നു വിളിച്ചുകൊണ്ടാണ് ഹക്കീം പാകിസ്ഥാൻകാരനോട് ഇടപെട്ടത്. എന്നാൽ അക്രമി അതു കേൾക്കാതെ ഹക്കീമിൻ്റെ നെഞ്ചിൽ കത്തി കുത്തിയിറക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഇതിൽ ഹക്കീം മരിച്ചതായാണ് നാട്ടിൽ വിവരം ലഭിച്ചത്. പ്രതി പിടിയിലായതായി ദുബായ് പോലീസ് അറിയിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാൻ സ്വദേശി കത്തിയെടുത്ത് ആക്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊതുവേ ശാന്ത സ്വഭാവക്കാരനായ ഹക്കീം പ്രശ്നം പരിഹരിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രശ്നത്തിൽ ഇടപെട്ടത്. എന്നാൽ പ്രകോപിതനായ പാകിസ്ഥാൻകാരൻ ഹക്കീം ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു.
വളരെക്കാലമായി ഗൾഫിലുള്ള ഹക്കീം ഹൈപ്പർമാർക്കറ്റിൽ മാനേജരായി ജോലി നോക്കി വരികയായിരുന്നു. ഹെെപ്പർ മാർക്കറ്റ് മാനേജർ ആയതുകൊണ്ടുതന്നെ അവിടെയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളുമായി നല്ല ബന്ധം ഹക്കീം പുലർത്തിയിരുന്നു. മലയാളികൾ മാത്രമല്ല മറ്റു സംസ്ഥാനക്കാരോടും രാജ്യക്കാരോടും സൗഹാർദ്ദപവമായ സമീപനമായിരുന്നു ഹക്കീം നടത്തിവന്നിരുന്നതെന്നാണ് മറ്റു പ്രവാസികൾ വ്യക്തമാക്കുന്നത്. നിരവധി നാളുകളായി ഷാർജയിലാണ് ഹക്കീം താസമിക്കുന്നത്. കഴിഞ്ഞ മാസം വരെ ഹക്കീമിൻ്റെ കുടുംബവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കുടുംബം നാട്ടിലേക്ക് മടങ്ങിയത് അടുത്തിടെയാണ്. ഹക്കീമിൻ്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുമെന്നാണ് പ്രവാസലോകത്തു നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.