തിരുവനന്തപുരം : തലസ്ഥാനത്ത് രണ്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ എഫ്ഐആറിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്ത്. കാണാതായ മേരിക്ക് മൂന്നടി ഉയരവും മെലിഞ്ഞ ശരീരവുമാണ്. കറുപ്പിൽ വെള്ളപ്പുള്ളിയുള്ള ടീ ഷർട്ടാണ് കാണാതായപ്പോൾ കുട്ടി ധരിച്ചിരുന്നത് എന്നാണ് വിവരം. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുന്നവർ 0471- 2743195 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകളെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.
സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിൽ എത്തിയവർ എടുത്തുകൊണ്ടുപോയി എന്നാണ് മാതാപിതാക്കൾ പറയുന്നത്. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകൾ മേരിയെയാണ് കാണാതായത്. ഇന്നലെ പന്ത്രണ്ടിനും ഒരു മണിക്കും ഇടയിലായിരുന്നു സംഭവം. സംഭവത്തില്‍ പോലീസ് വ്യാപക പരിശോധന നടത്തുകയാണ്. അതിർത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.