കോഴിക്കോട് : സാമൂഹിക അകലം പാലിച്ച് സർവ്വീസ് നടത്തേണ്ടെന്ന ബസുടമകളുടെ തീരുമാനത്തിൽ നിന്നും ഒരു വിഭാഗം ബസുടമകൾ പിന്മാറുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്ന് സ്വകാര്യ ബസുകൾ സർവ്വീസ് ആരംഭിച്ചു.
എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിളാണ് ഇന്ന് ഒരു വിഭാഗം സ്വകാര്യ ബസുകൾ സർവ്വീസ് ആരംഭിച്ചത്. എറണാകുളത്ത് കൊച്ചി, അങ്കമാലി, പെരുമ്പാവൂർ മേഖലകളിലാണ് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം സർവ്വീസ് നടത്തുന്നത്. സാമ്പത്തിക നഷ്ടം ഇല്ലെങ്കിൽ വരും ദിവസങ്ങളിലും സർവ്വീസ് തുടരുമെന്ന് ബസുടമകൾ അറിയിക്കുന്നു.
ഇടുക്കിയിലും ഏതാനും സ്വകര്യ ബസുകൾ പരീക്ഷണ അടിസ്ഥാനത്തിൽ ഓടിതുടങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഇല്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ബസ് ഓടിക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പാലക്കാട് – ചാലിശ്ശേരി, ഒറ്റപ്പാലം – ഷൊർണൂർ, പട്ടാമ്പി-ഷൊർണൂർ, ചെർപ്പുളശ്ശേരി – ഒറ്റപ്പാലം റൂട്ടുകളിലും ഒരു വിഭാഗം ബസുടമകളുടെ വണ്ടികൾ സർവ്വീസ് നടത്തുന്നുണ്ട്.
അതേസമയം കോഴിക്കോട് ജില്ലയിൽ ഇന്നലെ സർവ്വീസ് നടത്തിയ അഞ്ച് സ്വകാര്യ ബസുകളുടെ ചില്ലുകൾ അജ്ഞാതർ അടിച്ചു തകർത്തു. അഞ്ച് ബസുകളുടെ ചില്ലുകളാണ് ഇന്നലെ രാത്രിയിൽ തകർക്കപ്പെട്ടത്. മുക്കം- കോഴിക്കോട് റൂട്ടിൽ ഇന്നലെ ഓടിയ കൊളക്കാടൻ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബസുകളും മാവൂർ- അരീക്കോട് റൂട്ടിലോടുന്ന എംഎംആർ ബസും മാവൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബാനറസ് കമ്പനിയുടെ രണ്ട് ബസുകളുമാണ് തകർക്കപ്പെട്ടത്.