ന്യൂഡൽഹി: ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്താനുണ്ടായത് വൻ നാശനഷ്ടങ്ങളെന്ന് വ്യക്തമാക്കുന്ന പാക് രേഖകൾ പുറത്ത്. ആക്രമിച്ചതായി ഇന്ത്യ വ്യക്തമാക്കിയതിനേക്കാൾ കൂടുതൽ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് ഈ രേഖകളിൽ പറയുന്നത്. വെടിനിർത്തലിനായി പാക് അധികൃതർ അഭ്യർഥനയുമായി ഇന്ത്യയെ സമീപിക്കാൻ പാകിസ്താനെ നിർബന്ധിതമാക്കിയത് ഇതാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ നിരവധി ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ സൈന്യം പുറത്തുവിട്ടിരുന്നു.
എന്നാൽ ഇന്ത്യൻ സേന പുറത്തുവിട്ടതിനേക്കാളേറെ കൂടിയ പ്രഹരം പാകിസ്താന് ഏറ്റതായി പാക് രേഖകൾ തന്നെ വ്യക്തമാക്കുന്നു. ഇന്ത്യൻ സൈന്യം പറഞ്ഞതിനേക്കാൾ എട്ടിലേറെ ലക്ഷ്യസ്ഥാനങ്ങളിൽ ഇന്ത്യ ആക്രമിച്ചതായാണ് പാക് രേഖകൾ വ്യക്തമാക്കുന്നത്. പെഷവാർ, ഝാങ്, സിന്ധിലെ ഹൈദരാബാദ്, പഞ്ചാബിലെ ഗുജറാത്, ഗുജ്റൻവാല, ഭവാൽനഗർ, അറ്റോക്ക്, ചോർ തുടങ്ങിയിടങ്ങളിലും ഇന്ത്യ ആക്രമണം നടത്തിയതായി പുറത്തുവിട്ട ഭൂപടം അടക്കമുള്ള രേഖകളിൽ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിലെ ആക്രമണം സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ സേന പുറത്തുവിട്ടിരുന്നില്ല.
പാകിസ്താനുനേരെ ഇന്ത്യൻ സൈന്യം നടത്തിയ ഈ കനത്ത പ്രഹരവും അതുണ്ടാക്കിയ നാശനഷ്ടങ്ങളുമാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വെടിനിർത്തൽ അഭ്യർഥനയുമായി പാക് അധികൃതർ ഇന്ത്യയെ സമീപിക്കാൻ കാരണമെന്നാണ് സൂചന. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനെതിരേ ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തതെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു. നിരവധി ഭീകരരും ഓപ്പറേഷനിൽ കൊല്ലപ്പെട്ടിരുന്നു.