കൊച്ചി: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെന്ന് സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി എറണാകുളം ജില്ലാ വിജിലൻസ് സ്‌ക്വാഡ്. സർക്കാർ ഓഫീസിലെ അഴിമതിവീരൻമാരെ കണ്ടെത്തുന്നതിനായി സാമൂഹ്യപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുന്നതായി വിജിലൻസ് എസ്പി എസ് ശശിധരൻ പറഞ്ഞു. അഴിമതിക്കാരെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയിൽ നൂറിലധികം പേരുണ്ടെന്ന് വിജിലൻസ് എസ്പി എസ് ശശിധരൻ പറഞ്ഞു. ‘ഈ ഉദ്യോഗസ്ഥർ വിവിധ വകുപ്പുകളിൽ നിന്നുള്ളവരാണ്. ഭൂരിഭാഗവും തദ്ദേശ സ്വയംഭരണം, റവന്യൂ, മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകളിൽ നിന്നുള്ളവരാണ്. തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജരും കൊച്ചിയിൽ പിടിക്കപ്പെട്ട റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറും ഞങ്ങളുടെ പട്ടികയിൽ ഉണ്ടായിരുന്നു,’ ശശിധരൻ പറഞ്ഞു. വകുപ്പുകളിൽ നിന്ന് ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെയും സാമൂഹിക പ്രവർത്തകർ ഉൾപ്പടെ നൽകിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
‘പട്ടികയിൽപ്പെട്ട ഉദ്യോഗസ്ഥരെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു, അവരുടെ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നു. സർക്കാർ ഓഫീസുകളിൽ നിന്ന് അഴിമതി ഇല്ലാതാക്കുക, പൗരന്മാർക്ക് സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയാണ് ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം,’ എസ്പി പറഞ്ഞു. 2021 മുതൽ, ജില്ലയിലെ 44 സർക്കാർ ജീവനക്കാർക്കെതിരെ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായ മറ്റൊരു വിജിലൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എട്ടുപേരും ഉൾപ്പെടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അഴിമതിയുമായി ബന്ധപ്പെട്ട പതിനൊന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനിടെ ഏഴ് ജീവനക്കാരാണ് അറസ്റ്റിലായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെതിൽ നിന്നും വ്യത്യസ്തമായി അഴിമതി ചൂണ്ടിക്കാണിക്കുന്നവരുടെ എണ്ണത്തിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അഴിമതിക്കേസുകളിൽ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതും കുറ്റക്കാർക്കെതിരെ സ്വീകരിക്കുന്ന വിജിലൻസ് നടപടികളും ഇതിന് കാരണമായതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 98 പേരാണ് കൈകക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ടത്.