ന്യൂഡൽഹി: പാലക്കാട്ടെ മലമ്പുഴ അണക്കെട്ടിന് സമീപം മഹാശിലാ യുഗത്തിലെ നൂറിലധികം നിർമിതികൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) കണ്ടെത്തി. മലമ്പുഴ അണക്കെട്ടിന് സമീപം നടത്തിയ പര്യവേഷണത്തിലാണ് ദ്വീപ് പോലെ കുന്നുകളിൽ വ്യാപിച്ചുകിടക്കുന്ന മെഗാലിത്തിക് നിർമിതികൾ കണ്ടെത്തിയത്. സർവേയിൽ 45 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന നിലയിലാണ് മഹാശിലാ യുഗത്തിലെ 110ലധികം നിർമിതികൾ കണ്ടെത്തിയതെന്ന് എഎസ്ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
മഹാശിലാ യുഗത്തിലെ നിർമിതികൾ ചുണ്ണാമ്പ് കൊണ്ടോ സിമന്റ് കൊണ്ടോ നിർമിച്ചത് അല്ല. പലപ്പോഴും പരുക്കൻ കല്ലുകൾ ഉപയോഗിച്ച് ശവസംസ്‌കാരത്തിനായി നിർമ്മിച്ച നിർമിതികളാണ് ഇവ. നവശിലായുഗത്തിലും വെങ്കല യുഗത്തിലും ഇത്തരം അറകൾ സാധാരണമായിരുന്നു. ശവ സംസ്‌കാരത്തിനായി ഉപയോഗിച്ച മിക്ക അറകളും പ്രാചീന കല്ലറകളാണ്. തൊപ്പിക്കല്ല്, നന്നങ്ങാടി പോലുള്ള പ്രാചീന കല്ലറകളാണ് കണ്ടെത്തിയതെന്നും എഎസ്ഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ നിർമിതികൾ പ്രധാനമായും കൂറ്റൻ ഗ്രാനൈറ്റ് സ്ലാബുകളും പാറക്കല്ലുകളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ചിലതിൽ വെട്ടുകല്ലുകളും ഉൾപ്പെടുന്നതായും എഎസ്‌ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
മഹാശിലാ യുഗത്തിലെ നിർമിതികൾ ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ കാണപ്പെടുന്നു. കർണാടകയിലെ ബ്രഹ്മഗിരിയും തമിഴ്നാട്ടിലെ ആദിച്ചനല്ലൂരുമാണ് ഏറ്റവും ശ്രദ്ധേയമായ സ്ഥലങ്ങൾ. വലിയ തോതിൽ മഹാശില യുഗത്തിലെ നിർമിതികൾ കണ്ടെത്തിയത് കേരളത്തിലെ ആദ്യകാല ഇരുമ്പുയുഗ സമൂഹത്തെയും വിശ്വാസ വ്യവസ്ഥയെയും കുറിച്ച് കൂടുതൽ ഉൾക്കാഴ്ചകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും എഎസ്‌ഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒഡിഷയിലെ ഭുവനേശ്വറിൽ നിന്ന് 100 കിലോമീറ്റർ അകലെ രത്നഗിരിയിൽ നടന്നുകൊണ്ടിരിക്കുന്ന ഖനനങ്ങൾ പുരാതന കാലത്തെ കല, വാസ്തുവിദ്യ, സംസ്‌കാരം എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്നതാണ്. ഒഡീഷയിലെ ഭുവനേശ്വറിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ രത്നഗിരിയിൽ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തിനിടെ, വലിയ പുരാവസ്തു ശേഖരം കണ്ടെത്തി. ഇത് പുരാതന കാലത്തെ കല, വാസ്തുവിദ്യ, സംസ്‌കാരം എന്നിവയിലേക്ക് വെളിച്ചം വീശുന്നതാണ്. തെക്കുകിഴക്കൻ ഏഷ്യയുമായി അന്ന് ഇന്ത്യയ്ക്ക് ഉണ്ടായി എന്ന് കരുതുന്ന ബന്ധങ്ങളിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന തരത്തിൽ പുരാതന ആരാധനാലയങ്ങൾ, സ്തൂപങ്ങൾ, ശിൽപങ്ങൾ എന്നിവ തുറന്നുകാട്ടുന്നതിലാണ് ഖനന ദൗത്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മധ്യകാലഘട്ടത്തിലെ കിഴക്കൻ ഇന്ത്യയിലെ വജ്രയാന സന്യാസ സമുച്ചയത്തിന്റെ വികാസത്തിന്റെ തെളിവുകളായും ഈ നിർമിതികളെ എഎസ്‌ഐ വിലയിരുത്തുന്നുണ്ട്.
‘മൂന്ന് ഭീമാകാരമായ ബുദ്ധ ശിരസ്സുകളും മനോഹരമായ ദിവ്യപ്രതിമകളുടെ ശിൽപ്പങ്ങളും കൂടാതെ, വ്യത്യസ്ത വലുപ്പത്തിലും അളവുകളിലുമുള്ള ഇഷ്ടികയും കല്ലും കൊണ്ട് നിർമ്മിച്ച നൂറുകണക്കിന് ഏകശിലാരൂപത്തിലുള്ള നേർച്ച സ്തൂപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് മഹായാന, വജ്രയാന ബുദ്ധമതത്തിൽ നിന്നുള്ള പരിവർത്തനത്തെ കാണിക്കുന്നു. കിഴക്കൻ ഇന്ത്യയിൽ നിന്ന് തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വജ്രയാനം വ്യാപിച്ചിരുന്നു എന്ന നിഗമനങ്ങളെ കൂടുതൽ ബലപ്പെടുത്തുന്നതാണ് ഈ കണ്ടെത്തലുകൾ’-എഎസ്‌ഐ ഉദ്യോഗസ്ഥർ പറഞ്ഞു.