ന്യൂഡൽഹി : ഡൽഹിയിലെ പ്രശസ്ത സ്കൂളിലെ അധ്യാപകരുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഐഐടി വിദ്യാർഥി അറസ്റ്റിൽ. 19കാരനായ പട്ന സ്വദേശി മഹാവീർ ആണ് അറസ്റ്റിലായത്. ഐഐടി ഖരക്പൂരിലെ ബിടെക് വിദ്യാർഥിയാണ് മഹാവീർ. ബിഹാറിൽനിന്ന് വ്യാഴാഴ്ചയാണ് മഹാവീറിനെ പിടികൂടിയത്.
വടക്കൻ ഡൽഹിയിലെ സ്കൂളിലെ 50ഓളം വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഇയാൾ സമൂഹ മാധ്യമ ങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. പെൺകുട്ടികളുമായി വാട്സ്ആപിൽ ബന്ധപ്പെടാൻ ആപ്പുകൾ വഴി വ്യജ കോളർ ഐഡികളും വിർച്വൽ നമ്പറുകളും സൃഷ്ടിച്ചായിരുന്നു ഇയാളുടെ നീക്കം. കൂടാതെ ശബ്ദം മാറ്റുന്നതിനായി മറ്റു ആപ്പുകളും ഉപയോഗിച്ചിരുന്നു. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്തശേഷം അവരുടെ പേരിലുണ്ടാക്കിയ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാൾ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. സ്കൂൾ അധികൃതരുടെ പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിൽ പിന്തുടർന്ന ശേഷം വാട്സ്ആപിലൂടെ ബന്ധപ്പെടും.അധ്യാപകരെ വിവിധ അന്താരഷ്ട്ര നമ്പറുകളിൽ നിന്ന് വിളിക്കുകയും അപമാനിക്കുകയും ചെയ്യുമെന്നും പരാതിയിൽ പറയുന്നു. കൂടാതെ ഓൺലൈൻ ക്ലാസുകൾക്കായി വാട്സ്ആപ് ഗ്രൂപ്പുകളുണ്ടാക്കുകയും സ്കൂളിലെ ഓൺലൈൻ ക്ലാസുകളിൽ നുഴഞ്ഞുകയറുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ പോക്സോ, ഐ.ടി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.