മോസ്കോ: റഷ്യയിൽ ഭീകരവാദ സംഘടനയായ ഐഎസ്ഐഎസ്-കെയുടെ ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് വർഷമായി ഭീകര സംഘടന റഷ്യയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സമീപകാലത്ത് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ ഐഎസ് ശക്തമായ എതിർത്തിരുന്നതായി വിദഗ്ധർ പറഞ്ഞു. ഐഎസ്ഐഎസ്-കെ കഴിഞ്ഞ രണ്ട് വർഷമായി റഷ്യയെ നോട്ടമിട്ടിരിക്കുകയാണ്. പുടിനെ നിരന്തരമായി വിമർശിക്കുന്നുവെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗവേഷണ ഗ്രൂപ്പായ സൗഫാൻ സെൻ്ററിലെ കോളിൻ ക്ലാർക്ക് പറഞ്ഞു. മുസ്ലീങ്ങളെ സ്ഥിരമായി അടിച്ചമർത്തുന്ന പ്രവർത്തനങ്ങളിൽ റഷ്യ പങ്കാളിയാണെന്നാണ് ഐഎസ്ഐഎസ്-കെ കരുതുന്നത്. അതുകൊണ്ടാണ് റഷ്യക്കെതിരെ ഐഎസ് ഭീകരാക്രമണം നടത്തിയതെന്ന് വാഷിംഗ്ടൺ ആസ്ഥാനമായുള്ള വിൽസൺ സെൻ്ററിലെ മൈക്കൽ കുഗൽമാൻ അറിയിച്ചു.
റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ സംഗീതനിശ നടന്ന ക്രോക്കസ് സിറ്റി ഹാളിലാണ് അഞ്ചോളം വരുന്ന ഭീകരവാദികൾ ആക്രമണം നടത്തിയത്. യന്ത്രത്തോക്ക് ഉപയോഗിച്ചുള്ള വെടിവയ്പിൽ 60 പേർ മരിച്ചു. നൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. 2 തവണ സ്ഫോടനവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽ ഒരാൾ പിടിയിലായതായി റിപ്പോർട്ടുകളും ഉണ്ട്.