തിരുവനന്തപുരം: 15ാം കേരള നിയമസഭയിലേക്ക് ജനം തെരഞ്ഞെടുത്ത എം.എല്‍.എമാരില്‍ 20 പേര് 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍. തൊടുപുഴയില്‍നിന്ന് വിജയിച്ച പി.ജെ. ജോസഫാണ് സഭയിലെ ‘കാരണവര്‍’. പത്താം തവണ സഭയിലെത്തുന്ന ജോസഫിന് 79 വയസ്സുണ്ട്. തൊട്ടുപിന്നില്‍ പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമാണ് -77 വയസ്സ്. ഇവര്‍ക്ക് പിന്നിലാണ് ഉടുമ്പന്‍ചോലയിലെ എം.എം. മണിയുടെയും കണ്ണൂരില്‍നിന്നുള്ള രാമചന്ദ്രന് കടന്നപ്പള്ളിയുടെയും പ്രായം -76. സഭയിലെ ‘ബേബി എം.എല്‍.എ’ ബാലുശ്ശേരിയുടെ സച്ചിന് ദേവാണ്. 27 വയസ്സാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രായം. തിരുവമ്പാടിയില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ ലിന്റോ ജോസിന് 28 വയസ്സ്. 40 വയസ്സിന് താഴെയുള്ള 12 പേര് ഇത്തവണ സഭയിലുണ്ട്. 40-50 വയസ്സിന് ഇടയിലുള്ള 26 പേരും 50നും 69 നും ഇടയിലുള്ള 82 പേരും തെരഞ്ഞെടുക്കപ്പെട്ടു.
140 അംഗങ്ങളില്‍ 42 പേര് നിയമ ബിരുദധാരികളാണ്. മുന്‍ മന്ത്രിമാരടക്കം എട്ടുപേര്‍ പത്താം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. പത്താം ക്ലാസ്, പ്രീഡിഗ്രി യോഗ്യതയുള്ള 40 നിയുക്ത എം.എല്‍.എമാരുണ്ട്. ബിരുദയോഗ്യതയുള്ള 23 പേരും ബിരുദാനന്തര ബിരുദമുള്ളവര്‍ ഏഴുപേരുമുണ്ട്. കെ.കെ. ശൈലജയടക്കം എട്ടുപേര്‍ അധ്യാപക യോഗ്യത നേടിയവരാണ്. എം.ഫില്‍, പിഎച്ച്.ഡിക്കാരായ ഏഴുപേരും ഭരണപ്രതിപക്ഷ നിരയിലുണ്ട്. മുസ്ലിംലീഗ് നേതാവ് എം.കെ. മുനീറും ചവറയിലെ ഡോ. സുജിത്ത് വിജയന്‍പിള്ളയും മെഡിക്കല്‍ ഡോക്ടര്‍മാരാണ്. അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെ തോല്പിച്ച ദലീമക്ക് ഗാനഭൂഷണം ഡിപ്ലോമയുണ്ട്.