കല്ലേക്കാട്: പാലക്കാട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മയും കുഞ്ഞും മരിച്ചു. കല്‍പാത്തിക്കടുത്ത് നടുവക്കാട്ടുപാളയം സ്വദേശി അഞ്ജു (25), മകന്‍ ശ്രീയാന്‍ (മൂന്ന്) എന്നിവരാണ് മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന ചോളോട് സ്വദേശി സൂര്യലക്ഷ്മിക്ക് (24) നിസ്സാര പരിക്കേറ്റു. പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവിന് സമീപം വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് അപകടമുണ്ടായത്. ഒറ്റപ്പാലം വരിക്കാശ്ശേരിമനയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ജു ഓടിച്ചിരുന്ന സ്‌കൂട്ടര്‍ റോഡരികില്‍ കൂട്ടിയിട്ടിരുന്ന പൈപ്പില്‍ത്തട്ടി മറിയുകയായിരുന്നു. ജല്‍ജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള ജല അതോറിറ്റിയുടെ മെറ്റല്‍ പൈപ്പില്‍ തലയിടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അപകടസമയത്ത് അഞ്ജുവും സൂര്യലക്ഷ്മിയും ഹെല്‍മെറ്റ് ധരിച്ചിരുന്നു. പരിക്കേറ്റ മൂന്നുപേരെയും നാട്ടുകാര്‍ ഉടന്‍തന്നെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ജുവിന്റെയും ശ്രീയാന്റെയും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ജുവിന്റെയും ശ്രീയാന്റെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. നടുവക്കാട്ടുപാളയം സ്വദേശി ശരത്കുമാറാണ് അഞ്ജുവിന്റെ ഭര്‍ത്താവ്. പാലക്കാട്ടെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. മാട്ടുമന്തസ്വദേശി ചുമട്ടുതൊഴിലാളിയായ മണിയുടെയും സുമതിയുടെയും മകളാണ് അഞ്ജു. സഹോദരങ്ങള്‍: മഞ്ജു, റിഞ്ജു.