കൊല്ലം: കൊല്ലത്ത് യുവതിയും രണ്ടര വയസുകാരന്‍ മകനും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് ഇടക്കുളങ്ങര (വൈപ്പിന്‍കര) ബിനു നിവാസില്‍ സുനില്‍ കുമാറിന്റെ ഭാര്യ സൂര്യ (35), മകന്‍ ആദിദേവ് എന്നിവരെയാണ് കഴിഞ്ഞ രാത്രിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സുനില്‍ കുമാറും ഭാര്യയും കുഞ്ഞുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സുനില്‍ കുമാര്‍ കൊല്ലത്ത് കട നടത്തുകയാണ്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുവരെയും സൂര്യയെയും കുഞ്ഞിനെയും വീടിന് പുറത്ത് കണ്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വൈകിട്ടോടെ അമ്മയെയും കുഞ്ഞിനെയും കാണാത്തതിനാല്‍ ബന്ധുക്കള്‍ വീട്ടില്‍ അന്വേഷിച്ചു. കതക് അടച്ച നിലയിലായിരുന്നു. ഏറേ നേരം വിളിച്ചിട്ടും കേട്ടില്ല. ഒടുവില്‍ വൈകിട്ട് ഏഴരയോടെ സമീപവാസികള്‍ ജനല്‍ചില്ലുകള്‍ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളില്‍ കഴുത്തില്‍ മുറിവേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്.
കരുനാഗപ്പള്ളി എ.സി.പി സജീവ്, എസ്.എച്ച്.ഒ വിന്‍സെന്റ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. ഇന്ന് ഫോറന്‍സിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയിട്ടേ മൃതദേഹങ്ങള്‍ മാറ്റു. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.