കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഏറ്റുമാനൂർ 101 കവല വടകര വീട്ടിൽ ഷൈനി(43), അലീന(11), ഇവാന(10 ) എന്നിവരെയാണ് ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ഷൈനിയുടെ ഭർത്താവ് തൊടുപുഴ ചുങ്കം സ്വദേശി നോബി കുര്യാക്കോസിനെയാണ് ഏറ്റുമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. സ്റ്റേഷനിലെത്തിച്ചതിന് ശേഷം നോബിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളുടേയും നാട്ടുകാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈനിയുടെ ഭർത്താവ് നോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പോലീസ് കരുതുന്നു. നോബി ലൂക്കോസും ഷൈനിയും നാളുകളായി പിരിഞ്ഞ് കഴിയുകയാണ്. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ഒമ്പത് മാസമായി ഷൈനി പാറോലിക്കലിലെ സ്വന്തം വീട്ടിലാണ് താമസം. നോബി വിദേശത്തായിരുന്നു. കോടതിയിൽ വിവാഹമോചന കേസ് നടക്കുന്നതിനിടെയാണ് ഷൈനിയും മക്കളും ജീവനൊടുക്കിയത്.
ഫെബ്രുവരി 28ന് പുലർച്ചെ 5.20നായിരുന്നു സംഭവം. കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ലോക്കോ പൈലറ്റാണ് പൊലീസിൽ അറിയിച്ചത്. നഴ്‌സായിരുന്ന ഷൈനിക്ക് വിവാഹശേഷം ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഭർത്താവുമായി പിരിഞ്ഞ ശേഷം ജോലിക്ക് ശ്രമിച്ചിരുന്നെങ്കിലും കിട്ടാതിരുന്നത് മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഷൈനിയുടെ മറ്റൊരു മകൻ എഡ്വിൻ എറണാകുളം ഡോൺ ബോസ്കോ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ്. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ നോബിയെ തൊടുപുഴയിലെ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.