കൊല്ലം : അമ്മയെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച കുട്ടിയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് പിതാവ്. മർദനത്തിൽ ഗുരുതര പരുക്കേറ്റ 11 വയസ്സുകാരനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ് മൈനാഗപ്പള്ളി സ്വദേശി റഷീദാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്.
കുട്ടിയുടെ അമ്മയുടെ പരാതിയിൽ 37കാരനായ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്. കുട്ടിയുടെ തലയിൽ മർദ്ദനമേറ്റ് നാല് തുന്നലുകളുണ്ട്. വീട്ടിൽ അടിയും വഴക്കും പതിവായതോടെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഇയാളെ താക്കീത് ചെയ്തിരുന്നെങ്കിലും വീണ്ടും മർദ്ദനം തുടരുകയായിരുന്നു.