ചെന്നൈ : തമിഴ്നാട്ടിൽ നവജാതശിശുവിനെ അമ്മ ടെറസിൽ നിന്ന് എറിഞ്ഞുകൊന്നു. ചെന്നൈ നീലാങ്കരയിലാണ് 27കാരി 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇരട്ടക്കുട്ടികളിൽ ഒരു പെൺകുഞ്ഞിനെയാണ് അമ്മ കൊന്നത്. കുഞ്ഞിനെ കൊന്ന വിവരം യുവതി വീട്ടുകാരിൽ നിന്ന് മറച്ചുവെയ്ക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ യുവതിയുടെ ഭർത്താവും കുടുംബവും പോലീസിൽ പരാതി നൽകി. പിന്നാലെ നടത്തിയ തെരച്ചിലിൽ ആണ് കുട്ടിയുടെ മൃതദേഹം അടുത്തുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. കുട്ടിക്ക് അസുഖങ്ങളുണ്ടെന്നായിരുന്നു യുവതി കരുതിയിരുന്നത്.
മറ്റൊരു സ്ഥലത്ത് ജോലിയായിരുന്ന ഭർത്താവ് ഇടക്കിടെ വന്ന് പോകാറാണ് പതിവ്. വീട്ടിലെത്തിയ ഭർത്താവ് കുഞ്ഞിനെ കാണാതെ തിരക്കിയതോടെയാണ് ഇരട്ടകളിൽ ഒരു കുട്ടിയെ കാണാനില്ലെന്നത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ചോദ്യം ചെയ്യലിൽ താൻ വീടിന്‍റെ ടെറസിൽ നിന്നും കുഞ്ഞിനെ കുറ്റിക്കാട്ടിലേക്ക് എറിഞ്ഞതായി യുവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. അന്വേഷണത്തിൽ വീടിനോട് ചേർന്ന കുറ്റിക്കാടിനടുത്താണ് കുഞ്ഞിനെ കണ്ടെത്തിയത്. ഇടനെ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.