റാന്നി : അമിത പ്രകാശം ഉളവാക്കുന്ന ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങൾക്ക് എതിരെയുള്ള പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ്. അതി തീവ്ര പ്രകാശം ഉണ്ടാക്കുന്നതും നിബന്ധനകൾക്ക് വിരുദ്ധമായി ലൈറ്റുകൾ ഘടിപ്പിച്ചിട്ടുള്ളതുമായ വാഹനങ്ങൾക്ക് എതിരെയാണ് പരിശോധന നടത്തിയത്. മോട്ടോർ വാഹന വകുപ്പ് റാന്നി ജോ.ആർ.റ്റി.ഒ ബി.അജികുമാറിൻ്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് പരിശോധന നടത്തിയത്. വാഹനങ്ങളിൽ പരിധിയിൽ കൂടുതൽ പ്രകാശം ഉള്ള ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ മറ്റ് വാഹനങ്ങള്‍ക്ക് അപകടം ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നതോടെയാണ് പരിശോധന ശക്തമാക്കിയത്.
ഇത്തരം ചട്ടം ലംഘിക്കുന്ന വാഹനങ്ങൾക്ക് എതിരെയാണ് നടപടി സ്വീകരിച്ചു വരുന്നുന്നത്. വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ ശ്രദ്ധയെ ആകർഷിക്കുന്ന തരത്തിലുള്ള കളർ ലൈറ്റുകൾ ഘടിപ്പിക്കുക എന്നത് നിയമപ്രകാരം കുറ്റകരമാണ്. കൂടാതെ ഇത്തരം വാഹനങ്ങൾ റോഡ് അപകടകൾക്ക് കാരണം ആകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് റാന്നിയിൽ പരിശോധന നടത്തിയത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ ഉതിമൂട് വരെയുള്ള റോഡിൽ വിവിധ സ്ഥലങ്ങളിലാണ് പരിശോധനനടത്തിയത്. പരിശോധനയിൽ 9 വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചതായി ജോയിൻ്റ് ആർ ടി ഒ പറഞ്ഞു. പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എ.വി അജയകുമാർ, പി.എച്ച് ബിജുമോൻ, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.എസ് രാജേഷ് എന്നിവർ പങ്കെടുത്തു.