തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. തൃശൂർ വരാക്കര റൂട്ടിൽ ഓടുന്ന KL 38 1921 നമ്പറുള്ള ബസാണ് തൃശൂർ ആർടിഒ എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പി വി ബിജുവും അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ ശ്രീജിത്തും ചേര്‍ന്ന് ആമ്പല്ലൂർ ടോൾ പ്ലാസയ്ക്ക് സമീപം വെച്ച് പിടികൂടിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 30ന് ഈ വാഹനത്തിന്‍റെ പെർമിറ്റ് കാലാവധി തീർന്നിരുന്നു. എന്നിട്ടും ഈ വാഹനം സർവീസ് നടത്തുന്നുണ്ട് എന്ന് രഹസ്യ വിവരം ലഭിച്ചതിന് അടിസ്ഥാനത്തിൽ അന്വേഷണം എംവിഡി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് വൈകുന്നേരം 4.30ന് ഈ വാഹനം തൃശ്ശൂരിൽ നിന്ന് യാത്രക്കാരെ കയറ്റി വരാക്കരയ്ക്ക് പുറപ്പെട്ടതായി മനസിലാക്കിയതോടെ ഉടൻ തന്നെ ഈ ബസ് പിടിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നു.
പെർമിറ്റില്ലാതെ സർവീസ് നടത്തിയതിനും യാത്രക്കാർക്ക് ടിക്കറ്റ് നൽകാതിരുന്നതിനും കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി നോക്കിയതിനും വാഹനത്തിൽ എയർഹോൺ പിടിപ്പിച്ചതിനും വാഹനത്തിന്റെ ഫ്രണ്ട് ഗ്രിൽ ഊരി വെച്ച് സർവീസ് നടത്തിയതിനും കൂടി 16,000 രൂപ പിഴ ചുമത്തി. വാഹനത്തിൽ നിറയെ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഉണ്ടായിരുന്നതിനാൽ യാത്രക്കാരുടെ സൗകര്യാർത്ഥം വരാക്കര വരെ അവരെ കൊണ്ടുവിടാനും അതിന് ശേഷം വാഹനം ഗ്യാരേജ് ചെയ്യുന്നതിനും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിർദ്ദേശം നൽകി.