ആലപ്പുഴ : ‘ജീവിതമാണ് ഏറ്റവും വലിയ ലഹരി ‘ എന്ന ആപ്തവാക്യവുമായി തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മെയ് 4ന് കോഴിക്കോട് ബസ് സ്റ്റാഡിൽ നിന്നും ആരംഭിച്ച ‘ലഹരി വിരുദ്ധ സന്ദേശ കേരള യാത്ര’യ്ക്ക് മെയ് 11ന് ആലപ്പുഴയിൽ സ്വീകരണം നല്കും. വൈകിട്ട് 4.30ന് ആലപ്പുഴ ബീച്ചിൽ നടത്തുന്ന സംഗമം ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിക്കും.പൊതു പ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുള ഉദ്ഘാടനം നിർവഹിക്കുമെന്ന് സെക്രട്ടറി അരുൺ ജി നായർ, ട്രഷറർ നിയാസ് പാറക്കൽ എന്നിവർ അറിയിച്ചു.
34 രാജ്യങ്ങളിലായി 1400 ലേറെ സന്നദ്ധ പ്രവർത്തകർ സംഘടനയുടെ ഭാഗമായുണ്ട്. മനുഷ്യരെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽ സ്വതന്ത്രമായ ഇടപെടലുമായി രജിസ്ട്രേഡ് സംഘടനയായ മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ജനങ്ങൾക്കൊപ്പം ഉണ്ട്. രക്ത ദാന ബോധവത്കരണ ശില്പശാലകൾ, ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ നടത്തിയ ക്യാമ്പയിൻ എന്നിവ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിയ്ക്കുന്ന സാഹചര്യത്തിൽ, യുവാക്കളെയും വരും തലമുറയെയും ലഹരിയിൽ നിന്നും രക്ഷിയ്ക്കുക എന്ന വലിയ ദൗത്യത്തിന്റെ ഭാഗമായി മൊട്ട ഗ്ലോബൽ കേരളത്തിന്റെ മണ്ണിലൂടെ
ലഹരി വിരുദ്ധ സന്ദേശ യാത്രയുമായി മുന്നിട്ടിറങ്ങാൻ തീരുമാനിച്ചിരിക്കുകയാ യിരുന്നു. മെയ് 18 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയേറ്റ്
പരിസരത്ത് സാമൂഹ്യ സംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ യാത്ര സമാപിക്കും.