പത്തനംതിട്ട : മദ്രസകൾക്കെതിരെയുള്ള നീക്കം ആശങ്കാജനകമെന്ന് പത്തനംതിട്ട മുസ്ലിം ജമാഅത്ത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ മേഖലകൾ വിപുലീകരിക്കുന്നതിന് പകരം മദ്രസകൾ അടച്ചുപൂട്ടണമെന്ന തീരുമാനം ഗൂഢലക്ഷ്യം വെച്ചിട്ടുള്ളതാണ്. പിന്നോക്കം നിൽക്കുന്ന മേഖലകളിൽ സ്കൂളുകൾ വർദ്ധിപ്പിച്ച് പഠനനിലവാരം ഉയർത്തുന്നതിന് പകരം മദ്രസകളെ പഴിചാരി ബാലാവകാശ കമ്മീഷൻ കേന്ദ്രസർക്കാരിനെ സംരക്ഷിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. മദ്രസകൾക്കെതിരെയുള്ള വിദ്വേഷ പ്രചരണങ്ങളും അടച്ചുപൂട്ടൽ നീക്കവും സംഘപരിവാർ സർക്കാരിന്റെ വംശീയ താൽപര്യങ്ങളുടെ തുടർച്ചയാണ്.
വക്കഫ് നിയമ ഭേദഗതിയടക്കം ഏക സിവിൽ കോഡടക്കം മുസ്ലിം വിരുദ്ധ നിയമങ്ങൾ പാസാക്കി മുസ്ലിം സമൂഹത്തെ അപരവൽക്കരിക്കാൻ ആണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. മദ്രസകൾക്കെതിരെയുള്ള ബോധപൂർവ്വമായ നീക്കത്തിൽ നിന്നും പിൻവാങ്ങിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യോഗം തീരുമാനിച്ചു. ജമാഅത്ത് പ്രസിഡന്റ് എച്ച് ഷാജഹാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിസ്മില്ലാ ഖാൻ എൻ, ജമാഅത് ട്രഷറർ റിയാസ് എ ഖാദർ, കമ്മിറ്റി അംഗങ്ങളായ എസ് മുഹമ്മദ് അനീഷ്, അബ്ദുൽ സലാം, അബ്ദുൽ ഹാരിസ്, മുഹമ്മദ് ഹനീഫ, റഷിൻ എന്നിവർ സംസാരിച്ചു.