തിരുവല്ല : നഗരത്തിലെ കൃഷിഭവൻ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കം നടപ്പായില്ല. ചോർന്നൊലിച്ച് തകർന്ന കെട്ടിടത്തിലാണ് കൃഷിഭവൻ പ്രവർത്തനം തുടരുന്നത്. മഞ്ഞാടിയിൽ കറ്റോടിനു സമീപം സ്ഥലം ഏറ്റെടുത്ത് കൃഷിഭവൻ പണിയാൻ ശ്രമം നടത്തിയിരുന്നു. സബ്ട്രഷറിക്ക് വിട്ടുനൽകുമെന്ന് പ്രഖ്യാപിച്ച പഴയ ടൗൺഹാളിരുന്ന സ്ഥലത്തും കൃഷിഭവൻ പണിയാൻ സ്ഥലമുണ്ട്. അമ്പിളി ജംഗ്ഷനിലെ പാർക്കിനു സമീപമുള്ള പുറമ്പോക്കിൽ സ്ഥലംവിട്ടുനൽകണമെന്ന ആവശ്യവും ഉയർന്നിരുന്നു.
ഇവിടെയെല്ലാം സ്ഥലം സന്ദർശിച്ച് മടങ്ങിയതല്ലാതെ അധികൃതർ കാര്യമായ നടപടികളിലേക്ക് കടന്നില്ല. കഴിഞ്ഞ ബജറ്റിലും നഗരസഭ പുതിയ കൃഷിഭവന് പണം നീക്കിവെച്ചിരുന്നു. കാവുംഭാഗം-മുത്തൂർ റോഡിൽ ഏറങ്കാവ് ക്ഷേത്രത്തിന് അടുത്തായാണ് വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ. 5250 രൂപയാണ് മാസവാടക. ഓഫീസിന്റെ പിൻവാതിൽ ചേർത്തടയ്ക്കാൻ എളുപ്പംപറ്റില്ല. പിൻവാതിലിന് തൊട്ടടുത്തുള്ള മുറിയുടെ മേൽക്കൂര മുഴുവൻ തകർന്നുകിടക്കുന്നു. ഇവിടം ഇപ്പോൾ ഉപയോഗിക്കുന്നില്ല. എല്ലാ മുറികളിലും പലഭാഗത്തായി ചോർച്ചയുണ്ട്.