തിരുവനന്തപുരം: സോഷ്യലിസ്റ്റ് നേതാവായിരുന്ന എംപി വീരേന്ദ്രകുമാറിന് കോഴിക്കോട്ട് സമുചിതമായ സ്മാരകം നിര്‍മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി അഞ്ചു കോടി രൂപ വകയിരുത്തി. ആറന്മുളയിലെ സുഗതകുമാരിയുടെ തറവാട് വീട് സംരക്ഷിത സ്മാരകമാക്കും. അവിടെ മലയാള കവിതയുടെ ദൃശ്യ-ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിക്കും.
തിരുവിതാംകൂര്‍-കൊച്ചി നിയമസഭകളിലെ പിന്നാക്ക വിഭാഗ നേതാക്കള്‍ക്ക് അവരുടെ നാടുകളില്‍ സ്മാരകം പണിയാന്‍ 25 ലക്ഷം രൂപ വീതം അനുവദിക്കും.
ഭക്ഷ്യക്കിറ്റ് വിതരണം തുടരും, കോവിഡ് കാലത്ത് പ്രഖ്യാപിച്ച ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭക്ഷ്യക്കിറ്റ് വിതരണം സര്‍ക്കാറിന് ഗുണകരമായി എന്ന വിലയിരുത്തലുണ്ടായിരുന്നു.
ദുരിത കാലത്ത് ഏറ്റവും വലിയ കരുതലാണ് സര്‍ക്കാര്‍ നല്‍കിയത്. മഹാമാരിക്കാലത്ത് എല്ലാ ഉത്സവങ്ങളും കടന്നു വന്നു. എന്നാല്‍ പതിവു പല്ലവി ആകാറുള്ള വിലക്കയറ്റം അരക്കോളം വാര്‍ത്തയ്ക്ക് പോലും ഇടയായില്ല- മന്ത്രി പറഞ്ഞു
നീല, വെള്ളക്കാര്‍ഡുകാരായിട്ടുള്ള അന്‍പത് ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി പത്തു കിലോ വീതം അരി പതിനഞ്ചു രൂപ വിലയ്ക്ക് ലഭ്യമാക്കും. ഭക്ഷ്യസബ്‌സിഡിക്ക് 1060 കോടി രൂപയാണ് അനുവദിക്കുന്നത്. വേണ്ടി വന്നാല്‍ കൂടുതല്‍ പണം അനുവദിക്കാം. ഇതുവരെ 5.5 കോടി സൗജന്യ ഭക്ഷണക്കിറ്റ് നല്‍കി -ഐസക് കൂട്ടിച്ചേര്‍ത്തു.