ചെന്നൈ: ബോഡി ബിൽഡിങ് മത്സരങ്ങളിൽ മിസ്റ്റർ ഇന്ത്യ, മിസ്റ്റർ സൗത്ത് ഇന്ത്യ തുടങ്ങിയ ടൈറ്റിലുകൾ നൽകുന്നതിൽ തെറ്റില്ലെന്ന് മദ്രാസ് ഹൈക്കോടതി. ബോഡി ബിൽഡിങ് മത്സരങ്ങൾ അടിസ്ഥാനപരമായി ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിന്റെപേരിൽ നടത്തുന്നതാണ്. വിജയിക്കുന്നവർക്ക് ‘മിസ്റ്റർ ഇന്ത്യ’ എന്നോ ‘മിസ്റ്റർ സൗത്ത് ഇന്ത്യ’ എന്നോയുള്ള പദവികൾ നൽകുന്നതിൽ തെറ്റില്ല. ഇതിലൂടെ രാജ്യത്തിന്റെ ചിഹ്നങ്ങളോ പേരോ ദുരുപയോഗം ചെയ്യപ്പെടുന്നുമില്ല. അതിനാൽ, സ്വകാര്യവ്യക്തികളോ സംഘടനകളോ മിസ്റ്റർ ഇന്ത്യ, മിസ്റ്റർ സൗത്ത് ഇന്ത്യ തുടങ്ങിയ ടൈറ്റിലുകൾ നൽകുന്നത് തടയാനാവില്ലെന്നും ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം മുൻകൂർ അനുമതിയില്ലാതെ ഏതെങ്കിലും വ്യാപാരം, തൊഴിലുകൾ, പേറ്റന്റ്, വ്യാപാരമുദ്ര, ഡിസൈൻ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പേരുകൾ, ചിഹ്നങ്ങൾ തുടങ്ങിയവയിൽ രാജ്യത്തിന്റെ പേരോ ചിഹ്നമോ ഉപയോഗിക്കുന്നത് നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി. സ്വകാര്യവ്യക്തികൾ മിസ്റ്റർ ഇന്ത്യ പദവി ദുരുപയോഗം ചെയ്യുന്നെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് പുതുച്ചേരി ബോഡി ബിൽഡേഴ്സ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ സമർപ്പിച്ച റിട്ട് ഹർജി തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബോഡി ബിൽഡിങ്ങിനെ സംബന്ധിച്ചിടത്തോളം മത്സരവിജയികൾക്ക് മിസ്റ്റർ ഇന്ത്യ, മിസ്റ്റർ സൗത്ത് ഇന്ത്യ തുടങ്ങിയ പദവികൾ നൽകാറുണ്ട് എന്ന കാര്യം പൊതുവിൽ എല്ലാവർക്കുമറിയാം. ഏതെങ്കിലും വ്യാപാരത്തിനോ, ബിസിനസ്സിനോ, തൊഴിലിനോ വേണ്ടി രാജ്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി ഇതിനെ ഒരിക്കലും അർഥമാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.