മലപ്പുറം: പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബറുമായ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വളാഞ്ചേരി പോലീസ് എടുത്ത കേസില്‍ സ്റ്റേഷന്‍ ജാമ്യം നല്‍കും. അതേസമയം, തൊപ്പിയെ കണ്ണൂര്‍ കണ്ണപുരം പോലീസിന് ഇന്ന് വൈകീട്ട് കൈമാറും. കണ്ണപുരം പോലീസെടുത്ത കേസില്‍ ചോദ്യം ചെയ്യലിനാണ് തൊപ്പിയെ കണ്ണൂരിലേക്ക് കൈമാറുന്നത്. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു. ഇന്ന് രാവിലെയാണ് കൊച്ചിയില്‍ നിന്ന് തൊപ്പിയെന്ന നിഹാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
തൊപ്പിയുടെ ലാപ്‌ടോപ്പും മൊബൈലും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിനിടെ തൊപ്പിക്കെതിരെ സ്ത്രീകള്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. വ്യാഴാഴ്ച അര്‍ധരാത്രിയാണ് കൊച്ചിയിലെത്തി പോലീസ് തൊപ്പിയെ കസ്റ്റഡിയില്‍ എടുത്തത്. സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു ഇയാള്‍. പലതവണ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്.