ന്യൂഡല്‍ഹി : 18 വയസാകാത്ത മുസ്‍ലിം പെണ്‍കുട്ടിക്ക് വിവാഹിതയാകാമെന്ന വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിച്ചു. വിധി പോക്സോ, ശൈശവ വിവാഹ നിരോധന നിയമങ്ങള്‍ക്ക് എതിരാണെന്ന് കമ്മിഷന്‍ ആരോപിക്കുന്നു. വ്യത്യസ്ത വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. മുസ്‍ലിം പെണ്‍കുട്ടിക്ക് പതിനാറ് വയസ് കഴിഞ്ഞാല്‍ മതാചാരപ്രകാരം വിവാഹം കഴിക്കാമെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.
മുഹമ്മദീയന്‍ നിയമപ്രകാരം ഋതുമതിയായ മുസ്‍ലിം പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഋതുമതിയായ മുസ്‍ലിം പെണ്‍കുട്ടിക്ക് മതാചാരപ്രകാരം സ്വമേധ വിവാഹം കഴിക്കാമെന്നും മാതാപിതാക്കളുടെ അനുമതി വേണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയും വിധിച്ചിരുന്നു. പോക്സോ നിയമം ബാധകമായിരിക്കില്ല. എന്നാല്‍ പതിനെട്ട് തികയാത്ത പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിന്റെ ലംഘനമാണെന്ന് ദേശീയ ബാലാവകാശ കമ്മിഷന്റെ ഹര്‍ജിയില്‍ പറയുന്നു. പതിനെട്ട് വയസ് തികയാത്തവരെ പോക്സോ നിയമത്തില്‍ കുട്ടികള്‍ എന്നാണ് നിര്‍വചിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാതെ വിവാഹം കഴിക്കുന്നവര്‍ക്ക് പ്രത്യേക പരിരക്ഷ നിയമത്തില്‍ പറയുന്നില്ല. അതിനാല്‍ 18 വയസ് തികയാത്ത മുസ്‍ലിം പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം നിയമ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ പറയുന്നു. വ്യത്യസ്ത വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ വ്യക്ത വരുത്തണമെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.