കോഴിക്കോട്: പുതുപ്പള്ളിയിലെ തോല്‍വി വിളിച്ചു പറഞ്ഞ് അതിന്റെ കുറ്റം ബിജെപിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ സിപിഎം നോക്കേണ്ട എന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ”സിപിഎം പരാജയം ആദ്യം വിളിച്ചു പറഞ്ഞ് അത് ബിജെപിയുടെ തലയില്‍ കെട്ടിവയ്‌ക്കേണ്ട ആവശ്യമൊന്നുമില്ല. സിപിഎമ്മിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ സിപിഎമ്മാണ് അത് പരിശോധിക്കേണ്ടത്. ഞങ്ങള്‍ പുതുപ്പള്ളിയില്‍ മത്സരിച്ചത് ജയിക്കാന്‍ വേണ്ടിയാണ്. ഞങ്ങളാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ജനവിരുദ്ധ നയങ്ങള്‍ അവിടെ തുറന്നു കാട്ടിയത്. ഇരുവരെയും ഒരേപോലെ എതിര്‍ത്തിട്ടുള്ള മുന്നണി എന്‍ഡിഎയാണ്.
യഥാര്‍ഥത്തില്‍ അവിടെ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് സൗഹൃദപരമായ മത്സരം നടന്നത്. മുഖ്യമന്ത്രി ദിവസങ്ങളോളം പുതുപ്പള്ളിയില്‍ ഉണ്ടായിട്ടും യുഡിഎഫിന് എതിരായി ഒരക്ഷരം പോലും മിണ്ടിയില്ല. അദ്ദേഹം പ്രസംഗിച്ചതു മുഴുവന്‍ നരേന്ദ്ര മോദിക്കെതിരെയല്ലേ. ഇനി എല്‍ഡിഎഫ് യുഡിഎഫിനെ സഹായിച്ചിട്ടുണ്ടോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. അങ്ങനെ എന്തെങ്കിലും സഹായം കൊടുത്തതിന് മുന്‍കൂര്‍ ജാമ്യമായിട്ടാണോ ബിജെപിയെ കുറ്റം പറയുന്നതെന്ന് അറിയില്ല. സിപിഎമ്മിന്റെ വോട്ട് ബിജെപിക്ക് പോയിട്ടുണ്ടോ എന്ന് പരിശോധിച്ചാല്‍ മതി. – എം.ടി.രമേശ് പറഞ്ഞു.