ദില്ലി : രാജ്യത്ത് തുടർച്ചയായ പത്താമത്തെ വർഷവും അതിസമ്പന്നരിലെ ഒന്നാമനെന്ന നേട്ടത്തിലാണ് റിലയൻസ് ഇന്റസ്ട്രീസ് ചെയർമാനായ മുകേഷ് അംബാനി. എന്നാൽ ഈ സിംഹാസനം ഇനിയും എത്രകാലം ധിരുബായ് അംബാനിയുടെ മൂത്ത മകന് സ്വന്തമായിരിക്കും എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. കാരണം മറ്റൊന്നുമല്ല അംബാനിക്ക് കടുത്ത വെല്ലുവിളിയാണ് അദാനി ഉയർത്തുന്നത് എന്നതുതന്നെ.
കഴിഞ്ഞ ഒരു വർഷം ഗൗതം അദാനിയും കുടുംബവും സമ്പാദിച്ചു കൂട്ടിയത് പ്രതിദിനം 1002 കോടി രൂപയാണ്. അതേസമയം റിലയൻസ് ഇന്റസ്ട്രീസ് ചെയർമാന്റെ ദിവസ വരുമാനമാകട്ടെ 169 കോടി മാത്രവും. ഏഴ് മടങ്ങോളം അധികമാണ് ഓരോ ദിവസവും അദാനിയും കുടുംബവും അംബാനിയെ അപേക്ഷിച്ചത് നേടുന്നത് എന്നത് തന്നെയാണ് ഇതിൽ പ്രധാനം. ഈ പോക്ക് പോയാൽ അടുത്ത വർഷം അംബാനിയെ പിന്നിലാക്കി അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും അതിസമ്പന്നനെന്ന നേട്ടം സ്വന്തമാക്കും.
ഒരു വർഷം മുമ്പ് അദാനിയുടെയും കുടുംബത്തിന്റെയും സമ്പത്ത് 140200 കോടി രൂപയായിരുന്നു. എന്നാൽ ഇപ്പോഴത് അഞ്ചിരട്ടിയായി വർധിച്ച്, 505900 കോടി രൂപയായി. ഇതോടെ ചൈനയിലെ ബോട്ടിൽഡ് വാട്ടർ വ്യാപാരി സോങ് ഷാൻസനെ വെട്ടിച്ച് ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും ഗൗതം അദാനി കയറി. 2021 -ലെ ഐഐഎഫ്എൽ വെൽത്ത് ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഗൗതം അദാനിയും സഹോദരൻ വിനോദ് അദാനിയും ആദ്യപത്തിൽ ഇടം പിടിച്ചിട്ടുള്ളത്. 131600 കോടി രൂപയാണ് വിനോദ് അദാനിയുടെ ആസ്തി.
മുകേഷ് അംബാനിയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. ഇദ്ദേഹത്തിന്റെ ആസ്തി ഒരു വർഷത്തിനിടെ ഒൻപത് ശതമാനം വർധിച്ച്, 718000 കോടി രൂപയായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്നാം സ്ഥാനത്തുള്ളത് എച്ച്സിഎൽ ടെക്‌നോളജീസ്ഉടമ ശിവ് നാടാർ ആണ്. 236600 കോടി രൂപയുടെ ആസ്തിയുള്ള ഇദ്ദേഹം കഴിഞ്ഞ വർഷം നേടിയത് പ്രതിദിനം 260 കോടിയുടെ ആസ്തി വളർച്ചയാണ്. കൊവിഡ് വാക്സീൻ നിർമിക്കുന്ന സെറം ഇൻസ്റ്റിട്യൂട്ടിന്റെ ഉടമസ്ഥനായ സൈറസ് പൂനവാലയും 163700 കോടിയുടെ ആസ്തിയുമായി പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്.