റാന്നി : റോഡ് ഉന്നത നിലവാരത്തിലാക്കുന്നതിനായി ടാറിംങ് വെട്ടിപ്പൊളിച്ചതു മൂലം പൊല്ലാപ്പിലായി നാട്ടുകാര്‍. മുക്കട – ഇടമണ്‍ – അത്തിക്കയം എം.എല്‍.എ റോഡിലെ വാഴക്കാല മുക്കിനു സമീപമാണ് നാട്ടുകാരെ വലയ്ക്കുന്ന പുനരുദ്ധാരണം നടക്കുന്നത്.
വെള്ളിയറപ്പടി മുതല്‍ കണ്ണംമ്പള്ളി ജംങ്ഷന്‍ വരെയുള്ള ഭാഗം ഉന്നത നിലവാരത്തിലാക്കുന്നതിനായി കരാറായതോടെയാണ് നാട്ടുകാരേയും ഇരുചക്ര വാഹനയാത്രക്കാരേയും ഒരു പോലെ പൊല്ലാപ്പിലാക്കിയ റോഡ് പണി തുടങ്ങിയത്.
റോഡ് നിരപ്പാക്കുന്നതിന് പഞ്ചാരമുക്കു മുതല്‍ ഒരു വശം ടാറിംങ് വെട്ടി ഇളക്കി. ഇതില്‍ വാഴക്കാല മുക്കില്‍ റോഡിന്റെ ചെറിയ കയറ്റം വെട്ടി താഴ്ത്തുകയും ചെയ്തു. ഇവിടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പൂഴി ഇളകി പറക്കുകയാണ്. വിവാദമായതിനു പിന്നാലെ മെറ്റല്‍ നിരത്തിയെങ്കിലും ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ടായി. മെറ്റല്‍ റോഡില്‍ നിരന്നതു മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ നിത്യവും അപകടത്തില്‍ പെടുകയാണ്. മുക്കട മുതല്‍ വെള്ളിയറപ്പടി വരെ ടാറിംങ് പൂര്‍ത്തിയായിരുന്നു. ഇതിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തിനാണ് റോഡ് ഇളക്കിയത്. പണി ആരംഭിക്കാന്‍ താമസം ഉണ്ടെങ്കില്‍ പൊടിശല്യം ഒഴിവാക്കാനും ഇളകിയ മെറ്റല്‍ റോഡില്‍ നിന്നും മാറ്റാനും നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.