കോട്ടയം : എല്ലാ കാര്യത്തിലും ജാഗ്രതക്കുറവ് പറയുന്ന സി.പി.എമ്മിന് പറ്റിയ ഏറ്റവും വലിയ ജാഗ്രതക്കുറവ് ധാര്‍ഷ്ട്യക്കാരനായ ഒരാളെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കിയതാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തസ്‌കര സംഘമാണ് കഴിഞ്ഞ നാല് വര്‍ഷക്കാലം കേരളം ഭരിച്ചത്. അവരില്‍ നിന്ന് മോചനം വേണമെന്ന് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായപോലെ വമ്പിച്ച വിജയം തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും ഉണ്ടാവുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ധാര്‍ഷ്ട്യക്കാരനായ, സര്‍വാധിപതിയായ മുഖ്യമന്ത്രിക്ക് കീഴില്‍ പ്രബുദ്ധകേരളം ശ്വാസം മുട്ടുന്നു. ഇത് പോലെ ജനങ്ങള്‍ വഞ്ചിതരായ കാലഘട്ടം ഉണ്ടായിട്ടില്ല. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം മുന്നോട്ട് പോവുമ്പോള്‍ മുഖ്യമന്ത്രിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ ഉപജാപക വര്‍ഗത്തിന്റെ നെഞ്ചിടിപ്പും വര്‍ധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന്റെ ഉപജാപക വര്‍ഗവും കളങ്കിതരായിരിക്കുന്നു. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ കുറിച്ചുള്ള അന്വേഷണത്തിന്റെ അടിവേരുകള്‍ മുഖ്യമന്ത്രിയിലേക്കാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പൂര്‍ണമായും ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടത് പാര്‍ട്ടി എന്തുകൊണ്ടാണ് തിരിച്ചറിയാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.
ഓരോ ദിവസവും ആരോപണങ്ങള്‍ ഓരോന്നായി വരുമ്പോള്‍ അതില്‍ നിന്നും അതിജീവിക്കാന്‍ വേണ്ടി കയ്യും കാലുമിട്ടടിക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറിയിരിക്കുന്നു. ഒരു കൊച്ചു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പറയുന്നത് പോലെ പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ് സി.പി.എം കേന്ദ്ര നേതൃത്വവുമുള്ളത്. ഒരു ഏകോപനുവമില്ല. സി.പി.എം തളരുമ്പോള്‍ വളരുന്നത് ജനാധിപത്യ മതേതര പ്രസ്ഥാനമല്ല. പകരം ഹൈന്ദവ വര്‍ഗീയ ശക്തികളാണ്. ശബരിമലയുമായി ബന്ധപ്പെട്ട് മത നിരപേക്ഷ മനസ്സുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മണ്ഡലകാലമായിട്ട് റോഡുകള്‍ പോലും അറ്റകുറ്റപണി നടത്തിയിട്ടില്ല. പോലീസുകാര്‍ക്കുള്ള സൗജന്യ ഭക്ഷണ വിതരണം പോലും നിര്‍ത്തിയവരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും മുല്ലപ്പള്ളി പറഞ്ഞു.