കൊച്ചി : വെൽഫെയർ പാർട്ടിയുമായുള്ള നീക്കുപോക്ക് ഇന്ന് നടക്കുന്ന യുഡിഎഫ് യോഗം ചർച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് കൺവീനർ എം എം ഹസൻ ചർച്ച നടത്തിയതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ അറിയാതെ ഹസൻ അത്തരമൊരു ചർച്ച നടത്തുമെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. നിയമസഭ സീറ്റ് വിഷയം ഇന്നത്തെ യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് പ്രധാന ചർച്ച വിഷയമാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണ നീക്കം ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കു നടുവിലാണ് യുഡിഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരുന്നത്. വെല്‍ഫെയറുമായി പ്രാദേശികമായി പോലും സഹകരിക്കുന്നതിനെതിരെ സമസ്ത പരസ്യമായി രംഗത്തു വന്നതോടെ ലീഗ് നേതൃത്വവും സമ്മര്‍ദ്ദത്തിലാണ്. പരസ്യ സഹകരണ നീക്കം തെക്കന്‍ കേരളത്തിലടക്കം ഹിന്ദു വോട്ടുകള്‍ നഷ്ടമാക്കുമെന്ന ആശങ്കയും ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. അതേ സമയം വെൽഫെയർ പാർട്ടി വിഷയത്തിൽ തൽക്കാലം ഒന്നും പറയുന്നില്ലെന്ന് ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും വ്യക്തമാക്കി.