ഡൽഹി: 128 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടെ, 13 വർഷത്തിന് ശേഷം സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് കളമൊരുങ്ങി. കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യം ഇന്നലെ ഡൽഹിയിൽ ചേർന്ന മുല്ലപ്പെരിയാർ മേൽനോട്ട സമിതി അംഗീകരിച്ചു. പരിശോധന 12 മാസത്തിനകം പൂർത്തിയാക്കും. കേന്ദ്ര ജല കമ്മിഷൻ ചീഫ് എൻജിനിയർ രാകേഷ് കശ്യപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് ശക്തമായി എതിർത്തെങ്കിലും വിലപ്പോയില്ല. 2021ലെ ഡാം സുരക്ഷാ നിയമപ്രകാരം വിശദമായ പരിശോധന 2026ൽ നടത്തിയാൽ മതിയെന്ന തമിഴ്നാടിന്റെ വാദം സമിതി തള്ളി. 2011ൽ, സുപ്രീംകോടതി നിയോഗിച്ച എംപവേഡ് കമ്മിറ്റിയാണ് ഒടുവിൽ ഡാമിൽ സമഗ്ര പരിശോധന നടത്തിയത്.
2022 ഏപ്രിൽ എട്ടിന് സാങ്കേതിക വിദഗ്ദ്ധരെ ഉൾപ്പെടുത്തി മേൽനോട്ടസമിതി സുപ്രീംകോടതി പുന:സംഘടിപ്പിച്ചിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, അന്തർ സംസ്ഥാന നദീജല ചീഫ് എൻജിനിയർ ആർ. പ്രീയേഷ് , തമിഴ്നാടിനെ പ്രതിനിധീകരിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കാവേരി ടെക്നിക്കൽ സെൽ ചെയർമാൻ ആർ. സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.