തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. അപകര്‍ഷതാ ബോധത്തിന്റെ തടവുകാരനായ മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാനും പോലീസ് ഭരണം കാര്യക്ഷമമായി കൊണ്ടുപോകാനും കഴിയുന്നില്ലെന്നും അഭിപ്രായപ്പെട്ട മുല്ലപ്പള്ളി ഷെയിം ഓണ്‍ യൂ, ചീഫ് മിനിസ്റ്റര്‍ എന്നും കുറിച്ചു. പിന്നിട്ട ആറു വര്‍ഷത്തെ ഭരണ പരാജയം നിഷ്പക്ഷമായി വിലയിരുത്തുമ്പോള്‍, ഭരണ തകര്‍ച്ചയുടെ ദയനീയ ചിത്രം പ്രത്യക്ഷത്തില്‍ കാണാന്‍ കഴിയുക ആഭ്യന്തര വകുപ്പിലാണ്. കേരളത്തിലെ പോലീസ് സംവിധാനത്തെ കുറിച്ച് അഭിമാനത്തോടെ എല്ലാ വേദികളിലും പറയാറുള്ള എനിക്ക് ലജ്ജ തോന്നുകയാണ്.
ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നതാരാണ്? ദീര്‍ഘ വര്‍ഷക്കാലമായി കേരളത്തില്‍ സേവനമനുഷ്ടിച്ച ഇന്ത്യന്‍ പോലീസ് സര്‍വീസിലെ പ്രഗത്ഭരായ പലരുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ആര്‍ക്കു വേണ്ടിയെങ്കിലും ശുപാര്‍ശ പറയാനോ അവിഹിതമായി എന്തെങ്കിലും ചെയ്യണമെന്ന് സമ്മര്‍ദ്ദം ചെലുത്താനോ ആ ബന്ധം ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്ന ആത്മ സംതൃപ്തിയുടെ ധിക്കാരത്തോടെയാണ് ഇത് കുറിക്കുന്നത്. നിയമ സമാധാനം ഉറപ്പു വരുത്താനും കുറ്റവാളികളെ നിയമത്തിന് മുന്‍പില്‍ കൊണ്ടു വരാനും അവര്‍ കാണിച്ച ജാഗ്രത! കുറ്റം കണ്ടെത്തുന്നതിലും അത് തടയുന്നതിലും ഇന്‍റ്റലിജന്‍സ് സംവിധാനം എത്ര മാത്രം കാര്യക്ഷമമായിരുന്നു. ഐപിഎസ് എന്ന മൂന്നക്ഷരത്തിന്റെ ഗരിമയും അന്തസ്സും തിരിച്ചറിഞ്ഞവരായിരുന്നു അവരൊക്കെ. പക്ഷെ ഇന്നത്തെ പല ഐ പി എസ് ഉദ്യോഗസ്ഥന്മാരും അവരുടെ നിഴലുപോലുമല്ലെന്നതില്‍ കടുത്ത പ്രയാസം തോന്നുകയാണ്. സ്ഥാപിത താല്‍പര്യക്കാരുടെ വീട്ടുപടിക്കല്‍ പോലീസ് യൂണിഫോം ഊരി വെച്ച് ഓഛാനിച്ചു നിന്നവരല്ല അവരൊക്കെ.
കേരളത്തിലെ പോലീസിന്റെ ദുരവസ്ഥ കണ്ടപ്പോള്‍ പറയാന്‍ നിര്‍ബ്ബന്ധിതനാവുകയാണ്. പുരാവസ്തു തട്ടിപ്പുകാരന്റെ വസതിയില്‍ നിത്യ സന്ദര്‍ശകരായ, നിശാ ക്ലബുകളില്‍ ആനന്ദ നടനമാടുന്ന, അവിഹിത സമ്പാദ്യക്കാരുടെ ആതിഥ്യവും പാരിതോഷികവും കൈപ്പറ്റുന്ന ഐപിഎസ് ഉന്നതന്മാരെ കണ്ട് കേരളം നാണിക്കുകയാണ്. സത്യസന്ധരും നീതിമാന്മാരുമായ ഉദ്യോഗസ്ഥന്മാര്‍ സിംഹവാലന്‍ കുരങ്ങുകളെപ്പൊലെ വംശനാശം നേരിടുകയാണ്. തലപ്പത്തിരിക്കുന്ന സീനിയര്‍ ഉദ്യോഗസ്ഥന്മാരില്‍ മാതൃകകള്‍ എന്ന് പറയാന്‍ എത്ര പേരുണ്ടെന്ന് ജൂനിയര്‍ ഐപിഎസുകാര്‍ നെഞ്ചില്‍ കൈ തൊട്ടു പറയട്ടെ. പരിമിതമാണ് അവരുടെ സംഖ്യ. വല്ലാത്തൊരു ഗതികേടിലാണ് നാം എത്തിയിട്ടുള്ളത്.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയ്ക്ക് പോലീസിലെന്ത് നടക്കുന്നുവെന്നറിയില്ല. അപകര്‍ഷതാ ബോധത്തിന്റെ തടവുകാരനായ മുഖ്യമന്ത്രിയ്ക്ക് പോലീസിനെ നിയന്ത്രിക്കാനും പോലീസ് ഭരണം കാര്യക്ഷമമായി കൊണ്ടുപോകാനും കഴിയുകയില്ല. കേരള പോലീസ് പഴുതുകളടച്ച് അന്വേഷിക്കുന്നുവെന്ന് പറഞ്ഞ ഒരു പ്രമാദമായ കൊലക്കേസിലെ പ്രതി, ദിവസങ്ങളായി മുഖ്യമന്ത്രിയുടെ വീടിന്റെ വിളിപ്പാടകലെ സുരക്ഷിത നായി താമസിച്ചു എന്നതിനര്‍ത്ഥമെന്താണ്? ഇന്‍റലിജന്‍സ് സംവിധാനത്തിന്റെ ഞെട്ടിപ്പിക്കുന്ന ഇന്നത്തെ അവസ്ഥയുടെ നേര്‍ചിത്രമാണ് പിണറായില്‍ കണ്ടത് – Shame on you, Chief Minister അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് പോലീസില്‍ അഴിച്ചു പണി നടത്തുകയും ആഭ്യന്തര വകുപ്പില്‍ ഒരു പാര്‍ട്ടി സഖാവിനെ ഉന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയുടെ യാത്ര.
ഉന്നതന്റെ ഭരണ പരിഷ്കാരമാണത്രെ ഈ അഴിച്ചു പണി. ക്രൈം ബ്രാഞ്ച്, വിജിലന്‍സ് വിഭാഗം മേധാവികളുടെ പെട്ടന്നുള്ള സ്ഥാനചലനമാണ് പൊതു ചര്‍ച്ചക്കിടയാക്കിയത്. ക്രൈം ബ്രാഞ്ച് തലപ്പത്ത് നിന്ന് എഡിജിപി എസ്.ശ്രീജിത്തിനെ അടിയന്തിരമായി മാറ്റിയത് ആഭ്യന്തര വകുപ്പിന് മായ്ക്കാന്‍ കഴിയാത്ത നാണക്കേട് വരുത്തിയിരിക്കുന്നു. ഏതെങ്കിലും ഐപിഎസ് ഉദ്യോഗസ്ഥന്റെ നാളിതു വരെയുള്ള പ്രവര്‍ത്തനത്തിന്റെ സാക്ഷി പത്രമെഴുതുകയല്ല എന്റെ ഉദ്ദേശ്യം – പക്ഷെ എഡിജിപി എസ്.ശ്രീജിത്ത്, സിനിമാ നടിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം സമൂഹത്തിന്റെ മുഴുവന്‍ പ്രശംസ പിടിച്ചു പറ്റുന്ന നിലയിലാണ് നടത്തിയത്. അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനം. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അന്വേഷണ സംഘത്തിന്റെ മനോവീര്യം അത്ര മാത്രം തകര്‍ത്ത സംഭവമാണിത്.
ഒളിച്ചു വെക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ടെന്ന് സാമാന്യ ബുദ്ധിയുള്ള എല്ലാവര്‍ക്കുമറിയാം. ആരെ കബളിപ്പിക്കാനാണ് ഈ കള്ളക്കളിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രിയുടെ തെറ്റായ നടപടിയെ വെള്ള പൂശുന്ന നിലയിലാണ് പ്രതികരണ വിദഗ്ധരായ രാഷ്ട്രീയക്കാര്‍ കാണിക്കുന്ന കാപട്യം. നടിയെ പീഡിപ്പിച്ച സംഭവത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടു വരാന്‍ കഴിയാതെ പോയാല്‍ കുറ്റാന്വേഷണ ചരിത്രത്തിലെ കറുത്ത പാടായി എന്നും അത് അവശേഷിക്കും. അതിജീവിതക്കു നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ കൈകോര്‍ത്ത് പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നാളെ ഒരു കുറ്റവും ഇവിടെ തെളിയിക്കപ്പെടുകയില്ല.
മന:സാക്ഷിയുള്ളവരേ, സിനിമാ നടിയെ പീഡിപ്പിച്ച സംഭവത്തിന് ഉത്തരവാദികളെല്ലാം ഈ സമൂഹത്തിന്റെ കടുത്ത ശത്രുക്കളാണെന്ന് തിരിച്ചറിയുക. മുഖ്യമന്ത്രിയോട് ഒരു വാക്ക് കൂടി, കണ്ണുരുട്ടിയാല്‍, അല്‍പ ബുദ്ധികളായ പാവം, പാര്‍ട്ടി സഖാക്കള്‍ പേടിക്കും. പക്ഷെ കേരളീയ പൊതു സമൂഹം താങ്കളുടെ അഹന്തയും ധാര്‍ഷ്ട്യവും അംഗീകരിക്കില്ലെന്ന് താങ്കള്‍ തിരിച്ചറിയുക. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിനിടെ ക്രൈം ബ്രാഞ്ച് തലപ്പത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റിയതും, ഹരിദാസ് കൊലക്കേസിലെ പ്രതി ദിവസങ്ങളായി മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് ഒളിച്ച് താമസിച്ചതും ചൂണ്ടികാട്ടിയാണ് മുല്ലപ്പള്ളിയുടെ വിമര്‍ശനം.