തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലാവലിന്‍ കേസ് അടക്കം ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ് മുല്ലപ്പള്ളി രംഗത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എം ശിവശങ്കറും തമ്മില്‍ 12 വര്‍ഷമായി നല്ല ബന്ധമുണ്ടെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഇതിന് പിന്നില്‍ നിന്നത് സി.എം രവീന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായി വിജയന് പരിചയപ്പെടുത്തിക്കൊടുത്തത് സി എം രവീന്ദ്രന്‍ ആണ്. ലാവ്‌ലിന്‍ കേസിലെ സുപ്രധാന രേഖകള്‍ നഷ്ടപെട്ടതില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. നളിനി നെറ്റോയുടെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന്‍ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിക്കും പ്രതികരിക്കാന്‍ ഒന്നുമില്ലേ. ചോദ്യങ്ങളില്‍ നിന്നെല്ലാം മുഖ്യമന്ത്രി ഒളിച്ചോടി. വെറുതെ സമയം കളഞ്ഞു. പാര്‍ട്ടി സെക്രട്ടറി ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ പറയുന്നത്. അന്താരാഷ്ട്ര മാനമുള്ള കേസില്‍ സീതാറാം യെച്ചൂരിയും എസ്‌ആര്‍പിയും പ്രതികരിക്കുന്നില്ല.
അനൂപിന്റെ മൊഴികളില്‍ വിശദ അന്വേഷണം വേണം. സിപിഐ മുന്‍ നേതാക്കളുടെ പാരമ്പര്യത്തില്‍ നിന്നാണ് സംസാരിക്കുന്നത് എന്ന് കാനം രാജേന്ദ്രന്‍ മറന്ന് പോകരുത്. കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിനെ വേട്ടയാടുകയാണ് എന്ന കാനത്തിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. മുഖ്യമന്ത്രി ഇന്നലെ കാട്ടിയത് അസാമാന്യ തൊലിക്കട്ടിയാണ്. കാണ്ടാമൃഗം പോലും തോറ്റുപോകും. സിപിഎം മുതലാളിമാര്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
എം ശിവശങ്കരന് ശേഷം സിഎം രവീന്ദ്രനിലേക്ക് ആരോപണങ്ങള്‍ മുറുകുന്ന സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ കേന്ദ്ര ഏജന്‍സികള്‍ ഇനി ചോദ്യം ചെയ്യാന്‍ ഊഴം കാക്കുന്നത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയാണെന്നാണ് സൂചന. ശിവശങ്കറുമായി ആത്മബന്ധമാണ് രവീന്ദ്രനുള്ളത്. ഈ സഹാചര്യത്തിലാണ് രവീന്ദ്രനെതിരെ തെളിവ് ശേഖരണം. രവീന്ദ്രനെ കുറിച്ചുള്ള സംശങ്ങള്‍ ശിവശങ്കറിനോട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തേടും. ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനായിരിക്കെ വൈദ്യുതിഭവനിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ഇദ്ദേഹം. ഈ ബന്ധമാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിയങ്കരനാക്കിയത്.
വര്‍ഷങ്ങളായി സിപിഎം മന്ത്രിമാരുടെ പേഴ്സനല്‍ സ്റ്റാഫ് അംഗമായിരുന്ന രവീന്ദ്രന്‍ കഴിഞ്ഞ യുഡിഎഫ് ഭരണകാലത്താണ് ശിവശങ്കറിനെ കാണാന്‍ പതിവായി വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്ത് എത്തിയിരുന്നത്. ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് കേന്ദ്ര ഡപ്യുട്ടേഷനില്‍ പോകാന്‍ ശ്രമിച്ച ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിച്ചത് ഇദ്ദേഹത്തിന്റെ കൂടി ശ്രമഫലമായാണെന്നാണ് റിപ്പോര്‍ട്ട്. യുഡിഎഫ് ഭരണ കാലത്ത് ശിവശങ്കര്‍ പ്രിയങ്കരനായിരുന്നു. ദേശീയ ഗെയിംസിന്റെ സംഘാടനത്തിന് ചുക്കാന്‍ പിടിച്ച വ്യക്തി. അതുകൊണ്ട് തന്നെ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പതിയെ സംസ്ഥാനം വിടാനായിരുന്നു നീക്കം.
ദേശീയ ഗെയിംസോടെ സിപിഎമ്മിന്റെ കണ്ണിലെ കരടായി ശിവശങ്കര്‍ മാറുമെന്ന വിലയിരുത്തല്‍ സജീവമായിരുന്നു. നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ സിഎം രവീന്ദ്രനുമായുള്ള അടുപ്പം കാര്യങ്ങള്‍ മാറ്റി മറിച്ചു. ഇതോടെ മുഖ്യമന്ത്രിയുമായി ശിവശങ്കര്‍ പാലം തീര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേരുന്നതിനു മുന്നോടിയായി എല്‍ഡിഎഫ് പ്രകടനപത്രികയുടെ വിശദാംശങ്ങള്‍ ശിവശങ്കര്‍ ശേഖരിച്ചിരുന്നു. ഓരോ വകുപ്പിലും നടപ്പാക്കുമെന്നു പ്രഖ്യാപിച്ച കാര്യങ്ങള്‍ ടൈപ്പ് ചെയ്തു തയാറാക്കി. ഇതെല്ലാം സിഎം രവീന്ദ്രന്റെ കൂടി പിന്തുണയോടെയായിരുന്നു. അങ്ങനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസുള്ള സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലേക്ക് ശിവശങ്കര്‍ സ്വാധീനമുണ്ടാക്കുന്നത്.
വകുപ്പു വിഭജനത്തിനു ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തിനു മുന്നോടിയായി, നടപ്പാക്കേണ്ട കാര്യങ്ങള്‍ കവറിലാക്കി ഓരോ മന്ത്രിക്കും നല്‍കി. അതിനു ശേഷമാണു ശിവശങ്കര്‍ വൈദ്യുതി ബോര്‍ഡ് വിട്ടു മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേര്‍ന്നത്. ഈ കവര്‍ നല്‍കലോടെ ശിവശങ്കറിനെ മുഖ്യമന്ത്രിക്കും ബോധിച്ചു. ഇമേജുണ്ടാക്കാന്‍ ശിവശങ്കറിനെ കൂടെ കൂട്ടാനും തീരുമാനിച്ചു. അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെയും ജേക്കബ് തോമസിനേയും ടീമില്‍ എത്തിച്ചു. ഇവരെ എല്ലാം പിന്നീട് രവീന്ദ്രന്‍ വെട്ടി. ശിവശങ്കറുമായി ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിര്‍ണ്ണായക ശക്തിയായി. ഇതിനിടെയാണ് സ്വപ്നാ സുരേഷ് വില്ലത്തിയായി എത്തിയത്.
ശിവശങ്കര്‍ അറസ്റ്റിലാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വീണ്ടും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എത്തുകയാണ്. കണ്ണൂരില്‍ നിന്നുള്ള രവീന്ദ്രന് ഊരാളുങ്കല്‍ സൊസൈറ്റുമായി അടുത്ത ബന്ധമുണ്ട്. കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായപ്പോള്‍ രവീന്ദ്രന് നിര്‍ണ്ണായക റോളുണ്ടായിരുന്നു. അതിന് ശേഷം വി എസ് അച്യൂതാനന്‍ പ്രതിപക്ഷ നേതാവായപ്പോള്‍ പാര്‍ട്ടി നോമിനിയായി വിഎസിനൊപ്പം നിന്നു. പിണറായിയുടെ വിശ്വസ്തത കാരണമായിരുന്നു ഈ പാര്‍ട്ടി നിയമനം.