തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികളുമായി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറായ സന്‍ക്കാരിന്റേത് വൈകിവന്ന വിവേകമാണെന്നും ഉറപ്പുകള്‍ നല്‍കി ഉദ്യോഗാര്‍ത്ഥികളെ ഇനിയും വഞ്ചിക്കരുതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ മന്ത്രിതല ചര്‍ച്ച നടത്തേണ്ടതായിരുന്നു. പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പ്രഹസനമാകുമോയെന്ന് ആശങ്കയുണ്ട്. ഒത്തുതീര്‍പ്പില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കാതെ വാക്കുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമരം അവസാനിപ്പിച്ച എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികളുടെ സന്തോഷത്തില്‍ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കുമൊപ്പം കോണ്‍ഗ്രസും പങ്കുചേരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ 36 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും മുട്ടുകുത്തിയും നടത്തിയ സമരത്തെ അധിക്ഷേപിക്കുകയും അവരെ അപമാനിക്കുകയും ചെയ്തവരാണ് മന്ത്രിമാരും സിപിഎം ആക്ടിങ് സെക്രട്ടറിയും. സിപിഎം മുഖപത്രം ഉദ്യോഗാര്‍ത്ഥികളെ കലാപകാരികളായും ചിത്രീകരിച്ചു. അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് നടപടിയിലെ ആത്മാര്‍ത്ഥതയില്‍ സംശയം പ്രകടിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു.