കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അദാനിയുമായി മുഖ്യമന്ത്രി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങാന്‍ 8850 കോടി രൂപയുടെ 25 വര്‍ഷത്തേക്കുളള കരാറില്‍ കെ.എസ്.ഇ.ബി. ഏര്‍പ്പെട്ടുവെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിച്ച് കെ പി സി സി അദ്ധ്യക്ഷന്‍ രംഗത്തെത്തിയത്.
കണ്ണൂരില്‍ മുഖ്യമന്ത്രിയും ആദാനിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി ആഭ്യന്തര മന്ത്രി അമിത് ഷായെ ഇടനിലക്കാരനാക്കി നിറുത്തിയാണ് സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നഷ്ടമുണ്ടാക്കിയ കരാര്‍ രൂപപ്പെട്ടതെന്നും പറഞ്ഞു.
അദാനി ഒരു പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വരികയുണ്ടായി. ഇത് ഏത് അദാനിയാണെന്ന് അറിയില്ല. അദാനി മുഖ്യമന്ത്രിയെ കാണാനാണോ വന്നത്? ഏത് അദാനിയാണ് വന്നത്? മുഖ്യമന്ത്രി വിശദീകരിക്കണം. അദാനിയുമായി പ്രത്യേകിച്ച് ഗൗതം അദാനിയുമായി വലിയ ആത്മബന്ധത്തിലാണ് നമ്മുടെ മുഖ്യമന്ത്രി. സഹസ്രകോടീശ്വരന്മാരുടെ ക്യാപ്റ്റനാണ് പിണറായി. എന്റെയോ നിങ്ങളുടെയോ ക്യാപ്റ്റനല്ല. ഈ നാട്ടിലെ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്തു തൊഴിലാളികകളുടെയോ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹം-മുല്ലപ്പള്ളി പറഞ്ഞു. കൃത്യമായ അന്വേഷണം നടത്തിയാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിക്കെതിരെ വലിയ അഴിമതികള്‍ കണ്ടെത്താനാകുമെന്ന് പറഞ്ഞ മുല്ലപ്പള്ളി അദാനിയുമായുള്ള കെ.എസ്.ഇ.ബിയുടെ കരാറിലെ വ്യവസ്ഥകള്‍പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് നേരത്തെ കരുതിവച്ച ബോംബ് ഇതാണോ എന്ന് ചോദിച്ച അദ്ദേഹം വൈദ്യുതി ബോര്‍ഡിന്റെ എല്ലാ കരാറുകളും വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും ഈ ബോംബ് ചീറ്റിപ്പോയെന്ന് പരിഹസിക്കുകയും ചെയ്തു.