ഡൽഹി: പഞ്ചാബിലെ അമൃത്സറിൽ പാകിസ്താൻ ആക്രമണത്തിന് ഉപയോഗിച്ചത് ‘ബൈക്കർ യിഹ III കാമികാസെ’ തുർക്കി നിർമിത ഡ്രോണുകൾ. രാവിലെ 5 മണിക്കാണ് ആക്രമണശ്രമം ഉണ്ടായത് . ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. സാധാരണ ജനങ്ങളെ ലക്ഷ്യം വച്ചായിരുന്നു പാകിസ്താൻ ആക്രമണമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ പഞ്ചാബിലെ ജലന്ധറിൽ നിന്നും പാക് മിസൈലിൻറേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി. ഡൽഹി ലക്ഷ്യമാക്കിയുള്ള മിസൈലുകളെ സൈന്യം ശക്തമായി പ്രതിരോധിച്ചു. ജമ്മു വ്യോമസേനാ കേന്ദ്രം ആക്രമിക്കാനുള്ള പാകിസ്താൻറെ ശ്രമവും ഇന്ത്യ തകർത്തു.
ഹരിയാനയിലെ സിർസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി. ജമ്മു കശ്മീരിലെ രജൗരിയിലെ പാക് ഷെല്ലാക്രണത്തിൽ സർക്കാർ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ജമ്മു നിയന്ത്രണരേഖക്ക് അപ്പുറം ഭീകരരുടെ ലോഞ്ച്പാഡ് സൈന്യം തകർത്തു. പൂഞ്ച്, ഉറി മേഖലയിൽ ശക്തമായ വെടിവെപ്പുണ്ടായി. വിവിധയിടങ്ങളിൽ വീട് തകർന്നു. ബുൻയാനുൻ മർസൂസ് എന്നപേരിൽ ഇന്ത്യക്കെതിരെ പാകിസ്താൻ ആക്രമണം തുടങ്ങിയെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ പാക് പട്ടാള മേധാവിയുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി സംസാരിച്ചു.