ന്യൂഡല്‍ഹി : ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന മലയാളിയും ഡല്‍ഹി സര്‍വകലാശാലാ അധ്യാപകനുമായ ഹാനി ബാബുവിന് അടിയന്തിരമായി ചികിത്സ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി. ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ച ഇദ്ദേഹത്തെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഹാനി ബാബുവിന് അടിയന്തിര ചികിത്സ ആവശ്യമാണെന്ന്കാട്ടി കുടുംബം നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് കുടുംബം അറിയിച്ചിരുന്നു. നിലവില്‍ ബോംബെയിലെ ജി.ടി ആശുപത്രിയിലാണ് ഹാനി ബാബു.
മഹാരാഷ്ട്രയിലെ തലോജാ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന ഹാനി ബാബുവിന് കഴിഞ്ഞ ആഴ്ച ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഇടത് കണ്ണിന്റെ കാഴ്ച നഷ്ടമായതുപോലെയുള്ള അവസ്ഥയാണെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ഹാനി ബാബുവിന്റെ ഭാര്യ പ്രൊഫ. ജെന്നി റൊവീന ആവശ്യപ്പെട്ടിരുന്നു.
മെയ് മൂന്ന് മുതല്‍ ഇടത് കണ്ണിന് അണുബാധയുണ്ട്. തീവ്ര വേദന മൂലം ഉറങ്ങാന്‍ കഴിയുന്നില്ല. ജയിലില്‍ ആവശ്യത്തിനു വെള്ളമില്ലാത്തതിനാല്‍ കണ്ണ് വൃത്തിയാക്കാന്‍ കഴിയുന്നില്ലെന്നും കുടുംബം ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഒരു വട്ടം ചികിത്സ ലഭിച്ചെങ്കിലും ഒപ്പം പോവാന്‍ ഉദ്യോഗസ്ഥനില്ലെന്ന് പറഞ്ഞ് തുടര്‍ചികിത്സ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.