കോട്ടയം : മുണ്ടക്കയം സ്വദേശിനിയായ 21 വയസുകാരിയാണ് മടുക്ക ക്ഷേത്രത്തിലെ ശാന്തിക്കാരനായ വിനു മോഹന് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നത്. രണ്ടു ദിവസമായി ഇയാളെ അന്വേഷിക്കുന്ന തിരക്കിലായിരുന്നു പോലീസ്. ഇതിനിടയിലാണ് ഇന്ന് ഉച്ചയോടെ പ്രതി കീഴടങ്ങിയത്. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ വിനുമോഹന്‍ ഇപ്പോള്‍ പത്തനംതിട്ട ഇലന്തൂരില്‍ ഒരു ക്ഷേത്രത്തില്‍ ശാന്തി ആയി ജോലി ചെയ്യുകയാണ്.
തന്നെ ക്ഷേത്രത്തിലെ ശാന്തി മഠത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് 21കാരിയായ ദളിത് പെണ്‍കുട്ടിയുടെ പരാതി. മുണ്ടക്കയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടികജാതി – പട്ടികവര്‍ഗ്ഗ അതിക്രമ നിയമവും ചുമത്തിയിട്ടുണ്ട്. ശാന്തിമഠത്തിന് പിന്നാലെ പട്ടുമല എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതി മൊഴി നല്‍കിയിരുന്നു.
യുവാവ് വിവാഹ വാഗ്ദാനം നല്‍കി ചതിച്ചു എന്നാണ് പ്രധാന ആരോപണം. പീഡന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസില്‍ കേസ് നല്‍കും മുമ്പ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയതായി യുവതി പോലീസിനോട് പറഞ്ഞു. എരുമേലി സബ് രജിസ്റ്റാര്‍ ഓഫീസില്‍ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ വിവാഹം നടത്താമെന്ന് ഉറപ്പിച്ച ദിവസം മുതല്‍ ശാന്തിക്കാരന്‍ മുങ്ങിയതായി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും എന്ന് മുണ്ടക്കയം സി ഐ പറഞ്ഞു. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയായ ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. മറ്റേതെങ്കിലും സ്ത്രീകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരുന്നുണ്ട്.
ഇലന്തൂരില്‍ ഇയാള്‍ ഇപ്പോള്‍ ശാന്തി ആയി ജോലി ചെയ്യുന്ന ക്ഷേത്രത്തിലും സമാനമായ പരാതികള്‍ ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരികയാണ്. യുവാവ് പ്രണയം നടിച്ച ശേഷം നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ മൊഴി. അതുകൊണ്ടു തന്നെ ഇയാളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് ഉള്‍പ്പെടെ നടത്തേണ്ടി വരും. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചതിനാല്‍ പോലീസ് കസ്റ്റഡിയില്‍ ആകും മുമ്പ് വീണ്ടും വിവാഹത്തിന് സമ്മതിക്കാനുള്ള നീക്കം യുവാവ് നടത്തിയതായി സൂചനയുണ്ട്.
ഇക്കാര്യത്തില്‍ യുവതി പരാതിയില്‍ ഉറച്ചു നിന്നതോടെ ആണ് പ്രതി കീഴടങ്ങാന്‍ തീരുമാനിച്ചത്. മൂന്നു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിച്ചു എന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. അതിനിടെ മറ്റൊരു പെണ്‍കുട്ടിയുമായി ഇയാള്‍ കല്യാണം ഉറപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ചതി മനസ്സിലായതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിക്കാന്‍ നീക്കം നടത്തിയത്. അതിനിടെ ഇയാള്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
എരുമേലി സബ് രജിസ്റ്റര്‍ ഓഫീസില്‍ വെച്ച് വിവാഹം നടത്താമെന്ന് ഉറപ്പു നല്‍കി. വിവാഹത്തിനായി പെണ്‍കുട്ടിയുടെ കുടുംബം തയ്യാറായിരുന്നു എങ്കിലും ഇയാള്‍ അന്നേദിവസം മുങ്ങുകയായിരുന്നു. അതോടെയാണ് വീണ്ടും പോലീസിനെ സമീപിച്ചു പരാതി നല്‍കാന്‍ പെണ്‍കുട്ടി തീരുമാനിച്ചത്. വീണ്ടും ഒത്തുതീര്‍പ്പ് നടത്താനുള്ള ശ്രമം പെണ്‍കുട്ടി തള്ളിയതും ഇതേ കാരണം കൊണ്ട് തന്നെയാണ്.