പത്തനംതിട്ട: നഗരസഭ ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരത്ത് ആരംഭിച്ച രണ്ടാംഘട്ട ഫുഡ്സ്കേപ്പിങ് നഗരസഭ ചെയർമാനും ജില്ലാ കളക്ടറും ചേർന്ന് പച്ചക്കറി തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒരു വർഷമായി ഓഫീസ്തല മാലിന്യ സംസ്കരണ യൂണിറ്റിൽ സംസ്കരിച്ച് ഉല്പാദിപ്പിച്ച ജൈവ വളം ഉപയോഗിച്ച് കളക്റ്ററേറ്റ് പരിസരത്ത് ആരംഭിച്ച ആദ്യഘട്ട ഫുഡ് സ്കേപ്പിങ്ങിൽ പ്രചോദനം കൊണ്ട് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശ്രമത്തിന്റെ ഭാഗമായി വില്ലേജ് ഓഫീസ് പരിസരത്ത് ഫുഡ് സ്കേപ്പിംഗ് ആരംഭിച്ചു. മണ്ണൊരുക്കവും കാട് തെളിക്കലും വില്ലേജ് ഓഫീസർ അജിത്കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാർ നേരിട്ട് ചെയ്യുകയായിരുന്നു. കളക്ട്രേറ്റ് പരിസരത്തെ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർ പൂർണ്ണ പിന്തുണ നൽകി.
കളക്ടറുടെ നിർദ്ദേശപ്രകാരം കാതോലിക്കേറ്റ് കോളേജിലെ എൻ എസ് എസ് കുട്ടികളും ഈ ഉദ്യമത്തിൽ ഒപ്പം ചേർന്നു. പത്തനംതിട്ട ഫാർമേഴ്സ് ക്ലബ്ബ് പ്രസിഡന്റ് എം. കെ. ചന്ദ്രനാദൻ നായരുടെ മേൽനോട്ടത്തിലാണ് കൃഷി ചെയ്യുന്നത്. കൃഷി ഭവൻ വഴിയും നേരിട്ടും ശേഖരിച്ച പച്ചക്കറി തൈകൾ ആണ് നട്ടത്. ചടങ്ങിൽ പങ്കെടുത്ത വിശിഷ്ട അതിഥികൾക്ക് പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കിയ ബൊക്കെകൾ നല്കി സ്വാഗതം ചെയ്തത് നവ്യാനുഭവമായി. കാതോലിക്കേറ്റ് കോളേജിലെ എൻ എസ് എസ് കുട്ടികൾ ഉണ്ടാക്കിയതാണ് ഈ ബൊക്കെകൾ. തൈനടീൽ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി സക്കീർ ഹുസൈനും കളക്റ്റർ പ്രേംകൃഷ്ണൻ എസ്സും ചേർന്ന് നിർവ്വഹിച്ചു. നവകേരളം കൊ കോർഡിനേറ്റർ അജിത്കുമാർ, ഐ സി എ ആർ കൃഷി വിജ്ഞാന കേന്ദ്രം ഹെഡ് സീനിയർ സയന്റിസ്റ്റ് ഡോ. ക്രിസ്റ്റീൻ പി റോബെർട്ട് വില്ലേജ് ആഫീസർ അജിത്കുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് ഐ സി എ ആർ ൻ്റെ സഹകരണത്തോടെ കളക്ട്രേറ്റ് വളപ്പിൽ സ്ഥാപിച്ച പോർട്ടബിൾ കരിയില സംഭരണിയും ഉദ്ഘാടനം ചെയ്തു.