കോഴിക്കോട്: സ്വർണക്കടത്തിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എക്കെതിരെ ഗുരുതര ആരോപണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. മുനീറിന് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്‍റെ വിദേശ യാത്രകൾ അന്വേഷിക്കണമെന്നും വസീഫ് ആവശ്യപ്പെട്ടു. കൊടുവള്ളിയെ ഭീകരകേന്ദ്രമാക്കി മാറ്റാൻ എം.എൽ.എ തന്നെയാണ് ശ്രമിക്കുന്നതെന്നും കോഴിക്കോട് നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. കൊടുവള്ളിയെ സ്വർണക്കടത്ത്, ഭീകര കേന്ദ്രമാക്കുകയാണ്. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയുണ്ട്. ഇക്കാര്യത്തിൽ മറുപടി പറയാൻ ലീഗ് നേതൃത്വം തയാറാകണം.
യുവാക്കളെ എന്തിനാണ് വിദേശത്തേക്ക് കൊണ്ടുപോകുന്നതെന്നു വ്യക്തമാക്കണം. കാരിയർമാരാക്കി മാറ്റുന്നുണ്ടോ? ഇവരുടെ നിസ്സഹായതയെ മുനീറും സംഘവും ചൂഷണം ചെയ്യുന്നുണ്ടോ? ഇക്കാര്യത്തിലെല്ലാം അന്വേഷണം നടത്തണമെന്നും വസീഫ് ആവശ്യപ്പെട്ടു. ചെറുപ്പക്കാരെ ഗൾഫിലേക്ക് സ്വർണക്കടത്തിനായി കൊണ്ടുപോകുകയാണ്. എം.എൽ.എയെ കുറിച്ച് പറഞ്ഞാൽ അത് എങ്ങനെയാണ് സമുദായത്തിനെതിരാകുന്നത്? തെളിവുകൾ എതിരായി വരുമ്പോൾ മതത്തെ പടച്ചട്ടയാക്കി മാറ്റുകയാണെന്നും ഡി.വൈ.എഫ്.ഐ നേതാവ് ആരോപിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജും സമാന ആരോപണം ഉയർത്തിയിരുന്നു. തനിക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയാണ് അമാന എംബ്രേസ് എന്നും അതിന് തുരങ്കം വെക്കാൻ ആരെയും അനുവദിക്കില്ലെന്നും മുനീർ മറുപടി നൽകിയിരുന്നു.