ശൈത്യത്തിൽ കേരളത്തിൽ എവിടെ പോകണമെന്ന് ചോദിച്ചാൽ അത് കേരളത്തിന്റെ സ്വിറ്റ്സർലന്റ് എന്ന് അറിയപ്പെടുന്ന മൂന്നാറിലേക്ക് എന്നായിരിക്കും യാത്രാപ്രേമികളുടെ ഉത്തരം. ഡിസംബർ തുടങ്ങിക്കഴിഞ്ഞാൽ പിന്നെ കോടമഞ്ഞിലണിഞ്ഞ് സുന്ദരിയായിരിക്കും മൂന്നാർ. ഇവിടം സന്ദർശിക്കണമെന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ വിട്ടോളൂ. കാരണം ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം മൂന്നാറിൽ രേഖപ്പെടുത്തിയത്. 6 ഡിഗ്രി. തോട്ടം മേഖലകളായ ലാക്കാട്, കുണ്ടള, ചെണ്ടുവ എന്നിവിടങ്ങളിലാണ് ആറ് ഡിഗ്രി രേഖപ്പെടുത്തിയത്. മാട്ടുപ്പെട്ടി, കന്നിമല, തെൻമല എന്നിവിടങ്ങളിൽ ഏഴായിരുന്നു താപനില. ഇപ്പോൾ ഇവിടങ്ങളിലെല്ലാം കോടമഞ്ഞ് വീഴുന്നുണ്ട്. അതായത് സഞ്ചാരികളെ സ്വീകരിക്കാൻ മൂന്നാർ ഒരുങ്ങിക്കഴിഞ്ഞെന്ന് സാരം. ഇതിനോടകം തന്നെ ഹോട്ടലുകളിൽ വിനോദസഞ്ചാരികളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സഞ്ചാരികൾ ഇവിടേക്ക് ഒഴുകി തുടങ്ങും.
സീസൺ മുന്നിൽ കണ്ട് പ്രത്യേക യാത്ര പാക്കേജുകളും വിനോദസഞ്ചാരികൾക്കായി ടൂർ ഓപ്പറേറ്റർമാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചെലവ് കുറഞ്ഞ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കെ എസ് ആർ ടി സി ബജറ്റ് സെല്ലിന്റെ പാക്കേജുകളും സഞ്ചാരികൾക്ക് തിരഞ്ഞെടുക്കാം. കണ്ണൂരിൽ നിന്നാണെങ്കിൽ രണ്ട് പാക്കേജുകളാണ് കെ എസ് ആർ ടി സിക്കുള്ളത്. വാഗമണ്‍- മൂന്നാര്‍, മൂന്നാര്‍ കാന്തല്ലൂര്‍ പാക്കേജുകളാണ്. വാഗമൺ യാത്ര വെള്ളിയാഴ്ച വൈകിട്ട് ഡിപ്പോയിൽ നിന്നും പോയി തിങ്കളാഴ്ച തിരിച്ചെത്തുന്ന തരത്തിലാണ്. പൈന്‍ വാലി ഫോറസ്റ്റ്, വാഗമണ്‍ മെഡോസ്, അഡ്വെഞ്ചര്‍ പാര്‍ക്ക്, ചതുരങ്കപ്പാറ വ്യൂപോയിന്റ്, ഗ്യാപ് റോഡ് വ്യൂ പോയിന്റ്, ആനയിറങ്കല്‍ ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിക്കാം. 4,100 രൂപയാണ് പാക്കേജിന് ഈടാക്കുന്നത്. മൂന്നാര്‍ കാന്തല്ലൂര്‍ പാക്കേജുകൾ ഡിസംബര്‍ എട്ട്, ഡിസംബര്‍ 27 ദിവസങ്ങളിലാണ്. കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് രാത്രി ഏഴിനായിരിക്കും യാത്ര ആരംഭിക്കുന്നത്.
ഇരവികുളം ദേശീയ പാര്‍ക്ക്, മറയൂർ, ഓഫ്‌റോഡ് സഫാരി, ഇരച്ചില്‍പാറ, പെരിയകനാല്‍ വെള്ളച്ചാട്ടം,കാന്തല്ലൂരിലെ വിവിധ പഴത്തോട്ടങ്ങൾ എന്നിവ യാത്രയുടെ ഭാഗമായി സഞ്ചരിക്കും. 2,960 രൂപയാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് കെഎസ്ആർടിയുടെ മൂന്നാർ പാക്കേജ് ഇങ്ങനെ-മൂന്നാറിലേക്ക് 5 പാക്കേജാണ് ഡിസംബറിൽ ഉള്ളത്. വെള്ളിയാഴ്ച വെകിട്ട് പുറപ്പെടുന്ന രീതിയിലാണ് പാക്കേജുകൾ 2, 9, 16, 23, 30 തീയതികളിലാണ് ഈ യാത്രകൾ. മൂന്നാർ യാത്രയിൽ തൃശൂരിലെ ഏറ്റവും മനോഹര കാഴ്ചകളിലൊന്നായ അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ വെള്ളച്ചാട്ടം, തുമ്പൂർമുഴി ഡാം, മൂന്നാർ, ഇരവികുളം, മാട്ടുപ്പെട്ടി, കുണ്ടള ഡാം, എക്കോ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ഗാർഡൻ എന്നിവയെല്ലാം കാണാൻ അവസരം ലഭിക്കും.