തിരുവല്ല : മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ വീട്ടമ്മയെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ അയവാസിയെ പോലിസ് അറസ്റ്റ് ചെയ്തു. പെരിങ്ങര കാരയ്ക്കല്‍ മാധവച്ചേരില്‍ വടക്കേതില്‍ വീട്ടില്‍ തമ്പിയുടെ ഭാര്യ അമ്മിണി വര്‍ഗീസ് (65) നാണ് കുത്തേറ്റത്. അമ്മിണിയുടെ അയല്‍വാസി കുഴിയില്‍ പുത്തന്‍ വീട്ടില്‍ സജി (54) ആണ് ആക്രമിച്ചത്. സംഭവ സമയം അമ്മിണിയും കണ്ണിന് കാഴ്ചയില്ലാത്ത ഭര്‍ത്താവ് തമ്പിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പാചകം ചെയ്യുകയായിരുന്ന അമ്മിണിയെ അടുക്കളയില്‍ കടന്നു കയറിയ സജി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.
നിലവിളി കേട്ട് ഭര്‍ത്താവും അയല്‍വാസികളും ഓടി എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മിണിയെ കണ്ടു. ഇതോടെ സജി സ്ഥലത്ത് നിന്നും രക്ഷപെട്ടു. അയല്‍വാസികള്‍ ചേര്‍ന്ന് വയറിന് ഗുരുതര പരിക്കേറ്റ അമ്മിണിയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ അമ്മിണിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവ ശേഷം രക്ഷപെട്ട പ്രതിയെ പോലീസ് വീടിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു.
പിതാവ് പാപ്പച്ചനെ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് ശേഷം ഏതാനും മാസം മുമ്പാണ് പ്രതിയായ സജി പുറത്തിറങ്ങിയത്. ഈ കേസില്‍ സജിക്കെതിരെ തമ്പിയും അമ്മിണിയും പോലിസില്‍ മൊഴി നല്‍കിയിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.