തിരുവല്ല : വീടാക്രമണ കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറെടുക്കുവെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ടു. നിരണം കൊമ്പങ്കേരി ആശാങ്കുടി പുതുവല്‍ വീട്ടില്‍ സദന്റെ മകന്‍ സജന്‍(28) ആണ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ വൈകീട്ട് പുളിക്കീഴ് പോലീസ് സ്റ്റേഷനിലാണ് സംഭവം. ഇയാളുടെ സഹോദരന്‍ സജിത്തി(26)നെ ഈ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു.
നിരണം കൊമ്പങ്കേരി മാനാച്ചിറ വീട്ടില്‍ രഘുവി(45)നെയാണ് സഹോദരങ്ങള്‍ ആക്രമിച്ചത്. ഏഴു മാസം മുമ്പാണ് ആക്രമണം നടന്നത്. ആലപ്പുഴ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓപ്പറേഷന്‍ ട്രോജന്‍ എന്ന പേരില്‍ ഇതിനായി പോലീസിനെ നിയോഗിക്കുകയും ചെയ്തു.
കഞ്ചാവ് വില്പന നടത്തുന്ന വിവരം പറഞ്ഞു പരത്തി എന്നാരോപിച്ച് ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ ഒളിവില്‍പോയ സഹോദരന്മാരില്‍ സജിത്ത് വ്യാഴാഴ്ച പിടിയിലാവുകയും വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സജനെയും തൊട്ടുപിന്നാലെ ഇന്നലെ രാവിലെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറെടുക്കുമ്പോള്‍ മൂത്രമൊഴിക്കണമെന്ന് സജന്‍ ആവശ്യപ്പെട്ടു.
ഒരു കൈയില്‍ വിലങ്ങുമായി സജിത്തിനെ ഹരിദാസ് എന്ന പോലീസുകാരനാണ് പുറത്തേക്ക് കൊണ്ടു പോയത്. ഈ സമയം ഹരിദാസിനെ ആക്രമിച്ച ശേഷം കടന്നു കളയുകയായിരുന്നു പ്രതി. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പുളിക്കീഴ്, എടത്വ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. ഇന്‍സ്പെക്ടര്‍ ഇഡി ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.