തൃക്കൊടിത്താനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. തൃക്കൊടിത്താനം കോട്ടമുറി പ്ലാംചുവട് എ.വി സദനം വീട്ടിൽ (തൃക്കൊടിത്താനം അമര മാറാട്ടുകുളം ഭാഗത്ത് വാടകക്ക് താമസം) തിരുമേനി വി. (36), ആരമല ഭാഗത്ത് മറ്റക്കാട്ട് പറമ്പിൽ വീട്ടിൽ (പായിപ്പാട് നാലുകോടി കിളിമല ഭാഗത്ത് വാടകക്ക് താമസം) പ്രതീഷ് (27), നാലുകോടി മാന്താനം കോളനി ഭാഗത്ത് ചെല്ലുവേലിൽ വീട്ടിൽ ആരോമൽ വിജയൻ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തൃക്കൊടിത്താനം പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഇവര് സംഘം ചേർന്ന് കിളിമല എസ്.എച്ച് സ്കൂളിന് സമീപം പായിപ്പാട് സ്വദേശിയായ യുവാവിനെ ആക്രമിച്ച ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവും ഇവരും തമ്മിൽ സംഭവം നടക്കുന്നതിന് തലേദിവസം രാത്രി വാക്തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് അടുത്തദിവസം കാറിലെത്തിയ ഇവർ യുവാവിനെ സ്കൂളിന് സമീപം വെച്ച് ആക്രമിച്ചത്. കേസിലെ മറ്റ് പ്രതികളായ മുക്കാടൻ വീട്ടിൽ ശ്രീലാൽ, കാട്ടുങ്കൽ വീട്ടിൽ അനീഷ് ആന്റണി, തോട്ടപ്പറമ്പിൽ വീട്ടിൽ നിജാസ്, മുണ്ടക്കൽ വീട്ടിൽ സാം സന്തോഷ്, പാലത്തുങ്കൽ വീട്ടിൽ സാവിയോ സെബാസ്റ്റ്യൻ ജോസഫ് എന്നിവരെ ജില്ല പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.