തൃക്കരിപ്പൂർ : ശീതളപാനീയ കമ്പനിയുടെ ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറാം പ്രതിയും അറസ്റ്റിലായതോടെ കേസിൽ കുറ്റപത്രം ഉടൻ തയ്യാറാക്കും. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ എംഎ മുഹമ്മദ് നുഹ് മാൻ (20) ആണ് പോലീസിന്റെ പിടിയിലായത്. പ്രതികളെ മുഴുവൻ ദിവസങ്ങൾക്കകം പിടികൂടാൻ കഴിഞ്ഞത് കാസർകോട് ജില്ലാ പോലീസിന് അഭിമാനമായി.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ചന്തേര ഇൻസ്പെക്ടർ പി നാരായണൻ, എസ്ഐ ശ്രീഭാസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് മുഴുവൻ പ്രതികളെയും ദിവസങ്ങൾക്കുള്ളിൽ അറസ്റ്റ് ചെയ്തത്. പ്രതികൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ ലുക് ഔട് നോടീസ് അടക്കം പോലീസ് തയ്യാറാക്കിയിരുന്നു.
വെറും 24 മണിക്കൂറിനകം തന്നെ ദൃക്സാക്ഷികളില്ലാത്ത ഈ കേസ് പോലീസിന് തെളിയിക്കാൻ കഴിഞ്ഞു. ശാസ്ത്രീയ തെളിവുകളെല്ലാം ശേഖരിച്ചു കൊണ്ട് നടത്തിയ സമർഥമായ അന്വേഷണത്തിൽ പ്രധാന തെളിവായ കൊല്ലപ്പെട്ട യുവാവിൻ്റെ മൊബൈൽ ഫോൺ അടക്കം പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞതായി പോലീസ് പറയുന്നു. യുവാവിൻ്റെ കുപ്പായം, ചെരുപ്പ്, മോതിരം, വാച് എന്നിവ പ്രതികളുടെ സഹായത്തോടെ തന്നെ കണ്ടെത്തി.
തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിലെ പ്രിജേഷിനെ (35) വീടിൻ്റെ പരിസരത്തെ പറമ്പിൽ മോടോർ സൈകിളിൻ്റെ സമീപത്ത് മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കേസാണ് പോലീസ് സമർഥമായ അന്വേഷണത്തിലൂടെ തെളിയിച്ചത്. മരണത്തിൽ ദൂരൂഹത നിലനിന്നതോടെ ജില്ലാ പോലീസ് മേധാവി സ്ഥലത്തെത്തി അന്വേഷണ നടപടികൾക്ക് നിർദേശം നൽകി. പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ അന്വേഷണ ഉദ്യോഗസ്ഥനായി പ്രത്യേക അന്വേഷണ സംഘത്തെ തന്നെ രൂപീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രിജേഷിൻ്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്,
ദിവസങ്ങൾക്കുള്ളിൽ തന്നെ മുഴുവൻ പ്രതികളേയും പിടികൂടാൻ സാധിച്ചത് പോലീസിൻ്റെ അന്വേഷണ മികവായി. പി നാരായണൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ചന്തേര പോലീസ് സബ് ഇൻസ്പെക്ടർ ശ്രീദാസ്, എഎസ്ഐമാരായ ദിവാകരൻ എയു, സുരേശൻ എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രമേശൻ എൻഎം, റിജേഷ് കുമാർ കെവി, ദിലീഷ് എം, സുരേശൻ കാനം, ഷാജു സിവി, സിവിൽ പൊലീസ് ഓഫീസർമാരായ സുധീഷ് പിപി, രഞ്ജിത്ത് കെ, ഷിജിത്ത് പരിയാച്ചേരി, ഗിരീഷ് പികെ എന്നിവർ ഉണ്ടായിരുന്നു.
ഇതോടൊപ്പം തന്നെ കൊലപാതകത്തെ തുടർന്ന് യാതൊരു വിധ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ പരിഹരിക്കാൻ കഴിഞ്ഞത് പോലീസിൻ്റെ ജാഗ്രതയും വ്യാജ സന്ദേശങ്ങളിൽ പ്രകോപിതരാകാതെ പൊതു സമൂഹത്തിൻ്റെ ഇടപെടലുമാണെന്നും ഇതിന് ചന്തേര പോലീസിൻ്റെ നന്ദിയറിയിക്കുന്നതായും ഇൻസ്പെക്ടർ പറഞ്ഞു. 90 ദിവസത്തിനകം തന്നെ പ്രതികൾക്കെതിരെ കുറ്റപത്രം നൽകാനുള്ള ശ്രമത്തിലാണ് പോലീസ്. രാത്രിയിൽ ഒരു വീട്ടിൽ യുവാവിനെ കണ്ടതാണ് സദാചാര ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.