തൃശൂര്‍: ഭര്‍ത്താവിനെയും ഭാര്യയെയും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. മറ്റത്തൂര്‍ വെട്ടിയാടന്‍ചിറ മുളംമൂട്ടില്‍ ശങ്കരന്‍ എന്ന ശങ്കരപിള്ള (63) യെയാണ് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ടി കെ മിനിമോള്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 307-ാം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും 326-ാം വകുപ്പ് പ്രകാരം മൂന്നു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷയാണ് വിധിച്ചത്. വെട്ടിയാടന്‍ചിറ അമ്പാടന്‍ വീട്ടില്‍ ദാമോദരനെയും ഭാര്യ മല്ലികയെയും വെട്ടിപ്പരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ.
2011 ഒക്ടോബര്‍ 21 -നാണ് കേസിനാസ്പദമായ സംഭവം. ദാമോദരനോടും മല്ലികയോടും മുന്‍ വൈരാഗ്യമുള്ള പ്രതി ഇയാളെ വെട്ടി കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വീട്ടിലേക്ക് ദാമോദരനെ വിളിച്ചുവരുത്തി നീളം കൂടിയ വെട്ടുകത്തി കൊണ്ട് തലയിലും മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ ദാമോദരന് ഗുരുതര പരുക്കേറ്റു. വെട്ടേറ്റ ദാമോദരന്റെ വിളി കേട്ട് ചെന്ന മല്ലികയേയും പ്രതി വെട്ടിപരുക്കേല്‍പ്പിച്ചിരുന്നു. 2011 ഒക്ടോബര്‍ മാസം നടന്ന സംഭവത്തെ തുടര്‍ന്നുള്ള കേസ് 2022 ഓഗസ്റ്റിലാണ് വിചാരണ ആരംഭിച്ചത്. വിചാരണ ആരംഭിക്കുന്നതിന് മുന്‍പേ ദാമോദരന്‍ മരണപ്പെട്ടു.