ആലപ്പുഴ : സുഹൃത്തിനെ അമ്മിക്കല്ലിന് അടിച്ചുകൊന്ന് നാട് വിട്ട പ്രതിയെ എട്ട് വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ച് സംഘം പിടികൂടി. 2013 ജൂണ്‍ 27ന് നൂറനാട്ടിലെ വീട്ടില്‍ ഉറങ്ങുകയായിരുന്ന പത്തനാപുരം കണ്ടള്ളൂര്‍ നവിത മന്‍സിലില്‍ ഇര്‍ഷാദ് മുഹമ്മദിനെ (24) കൊലപ്പെടുത്തിയ കേസില്‍ പത്തനാപുരം പുന്നല സ്വദേശി പ്രമോദാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്ന് ചൊവ്വാഴ്ചയാണ് പിടികൂടിയത്.
കണ്ണൂരില്‍ ക്വാറിയില്‍ ജോലി ചെയ്തിരുന്ന പ്രമോദ് അവിടെനിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചാണ് സുഹൃത്തായ ഇര്‍ഷാദിന്റെ അടുക്കല്‍ എത്തുന്നത്. നൂറനാട്ടില്‍ വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ഇര്‍ഷാദും പ്രമോദും ചേര്‍ന്ന് 2000 രൂപക്ക് മൊബൈല്‍ ഫോണ്‍ വിറ്റശേഷം മദ്യപിച്ചു. പിന്നീട് ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങി ഇര്‍ഷാദ് താമസിച്ചിരുന്ന വീട്ടിലെത്തി. ഭക്ഷണം പാകംചെയ്യുന്നത് സംബന്ധിച്ച തര്‍ക്കം അടിപിടിയിലായി. കണ്ണിനും കാലിനും മര്‍ദനമേറ്റ പ്രമോദ് പിന്നീട് വീടിന് പുറത്തെ അമ്മിക്കല്ല് ഇളക്കി ഉറങ്ങിക്കിടന്ന ഇര്‍ഷാദിന്റെ തലയില്‍ ഇടിച്ചുകൊലപ്പെടുത്തി നാടുവിടുകയായിരുന്നു. ഇര്‍ഷാദിന്റെ മൃതദേഹം വീട്ടില്‍ കിടന്ന് അഴുകി ദുര്‍ഗന്ധം വമിച്ച ശേഷമാണ് നാട്ടുകാര്‍ കൊലപാതകവിവരം അറിയുന്നത്.
ലോക്കല്‍ പോലീസ് രണ്ടുമാസം കേസ് അന്വേഷിച്ചെങ്കിലും 2013 ആഗസ്റ്റ് മുതല്‍ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു. കൊലയാളിയെക്കുറിച്ച സൂചന ഇല്ലായിരുന്നെങ്കിലും കൊല്ലപ്പെടുന്നതിന് മുമ്പ് ഇര്‍ഷാദിന്റെ കൂടെ അപരിചിതനെ കണ്ടെന്ന അയല്‍വാസിയുടെ മൊഴിയാണ് നിര്‍ണായകമായത്.
എട്ട് വര്‍ഷത്തോളം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാതെ സ്ഥിരമായി ഒരിടത്തും നില്‍ക്കാതെയാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി പ്രമോദ് കറങ്ങിനടന്നത്. ഇതിനിടെ തമിഴ്നാട്ടിലെ പല വര്‍ക്ക്ഷോപ്പുകളില്‍ ജോലിചെയ്ത പ്രമോദ് രണ്ടുമാസത്തില്‍ കൂടുതല്‍ ഒരുസ്ഥലത്തും നിന്നിരുന്നില്ല. അകലെയുള്ള സ്ഥലങ്ങളില്‍ മാറിമാറി ജോലി ചെയ്തുവരുന്നതായിരുന്നു ഇയാളുടെ രീതി. അമ്മ മരണപ്പെട്ടതിനെത്തുടര്‍ന്ന് എത്തിയ സഹോദരിയുടെ തമിഴ്നാട് സ്വദേശിയായ ഭര്‍ത്താവിനെ നിരീക്ഷിച്ച് ചോദ്യം ചെയ്തതില്‍ ഇയാള്‍ ചെന്നൈയില്‍ ഉണ്ടെന്ന വിവരം കിട്ടിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അളിയന്റെ പ്രദേശമായ തിരുപ്പൂരിലെ 30 കി.മീ. പരിധിയില്‍ വര്‍ക്ക്ഷോപ്പുകളിലും പാറക്വാറികളിലും നടത്തിയ അന്വേഷണത്തില്‍ ലഭിച്ച സൂചനകളാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.
കെട്ടിക്കിടക്കുന്ന കൊലപാതകക്കേസുകളുടെ ചലഞ്ച് ഏറ്റെടുത്ത് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തന് കാണിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇന്‍സ്പെക്ടര്‍ കെ.ആര്. ബിജു, അജിമോന്, പ്രതിജ് കുമാര്‍, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.