തിരുവനന്തപുരം : കൊലക്കേസ് പ്രതികള്‍ ജയിലില്‍നിന്ന് ഫോണ്‍ വിളിച്ച കേസില്‍ വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെന്‍ഡ് ചെയ്തു. കൊലക്കേസില്‍ ശിക്ഷയനുഭവിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റഷീദ് ജയിലില്‍നിന്ന് വിളിച്ചതായി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. ഫോണ്‍ വിളിയ്ക്ക് സൂപ്രണ്ട് സൗകര്യമൊരുക്കി എന്ന റിപ്പോര്‍ട്ടിലാണ് നടപടി. എ ജി സുരേഷ് കൃത്യവിലോപം ഉള്‍പ്പെടെ ഗുരുതരമായ ചട്ടലംഘനങ്ങളാണ് നടത്തിയിട്ടുള്ളതെന്നാണ് കണ്ടെത്തല്‍
വിയ്യൂര്‍ ജയിലിലെ അനധികൃത ഫോണ്‍ വിളികളെക്കുറിച്ച് രഹസ്യവിവരം കിട്ടിയതിനാല്‍ തൃശൂര്‍ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസി. കമീഷണര്‍ അന്വേഷണം നടത്തിയിരുന്നു. ഫ്ളാറ്റ് കൊലക്കേസ് പ്രതിയും യൂത്ത് കോണ്‍ഗ്രസ് പുതുക്കോട് മണ്ഡലം പ്രസിഡന്റുമായിരുന്ന റഷീദ് 7510108727 എന്ന ഫോണ്‍ നമ്പരില്‍നിന്ന് ആയിരത്തിലേറെ തവണ ഫോണ്‍ ചെയ്തുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബന്ധുക്കള്‍ക്ക് പുറമെ ക്രിമിനല്‍ കേസ് പ്രതികളെയും കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചു.
ജയില്‍ സൂപ്രണ്ട് എ ജി സുരേഷിന്റെ ഓര്‍ഡര്‍ലിയായിരുന്ന റഷീദ്, സൂപ്രണ്ട് ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രിമിനല്‍ കേസ് പ്രതികളെയടക്കം ഫോണ്‍ ചെയ്തത്. റഷീദുമായി വഴിവിട്ട ബന്ധം കണ്ടെത്തിയതോടെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ പി ജി സന്തോഷിനെ ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹെബ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് സ്ഥലം മാറ്റി. മുമ്പ് ജയിലിലേക്ക് മദ്യം കടത്തിയ കേസില്‍ പ്രതിയായ ഉദ്യോഗസ്ഥനാണ് സന്തോഷ്.