ജാര്‍ഖണ്ഡ‍്: നവജാത ശിശുവിന്റെ മരണം മന്ത്രവാദം മൂലമെന്ന പ്രചരണത്തിന് പിന്നാലെ ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ബിര്‍സ മുണ്ട(48), ഭാര്യ സുക്രു പുര്‍തി(43), മകള്‍ സോംവാര്‍ പുര്‍തി(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് ആഴ്ച്ച മുമ്പ് ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തല വിഛേദിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഗ്രാമത്തിലെ ഒരു സ്ത്രീ പ്രസവിച്ച കുഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചിരുന്നു. കുഞ്ഞിന്റെ മരണം ബിര്‍സ മുണ്ടയുടെ കുടുംബത്തിന്റെ മന്ത്രവാദം മൂലമാണെന്ന് ഗ്രാമത്തിലെ വ്യാജ വൈദ്യന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ കാണാതായതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. സ്ഥലത്ത് നിന്നും അല്‍പ്പം മാറിയാണ് ഛേദിക്കപ്പെട്ട നിലയില്‍ ശിരസ്സുകള്‍ കണ്ടെത്തിയത്. ബുധനാഴ്ച്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബിര്‍സ മുണ്ടയുടെ മൂത്ത മകള്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിലെ മൂന്ന് പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. മാതാപിതാക്കളെ സന്ദര്‍ശിക്കാനായി ഗ്രാമത്തിലെത്തിയ മൂത്ത മകള്‍ വീട്ടില്‍ ആരുമില്ലെന്ന് കണ്ടതോടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തെ കുറിച്ച് ഗ്രാമവാസികള്‍ പറയുന്നത് ഇങ്ങനെ, നാട്ടില്‍ നവജാത ശിശുവിന്റെ മരണം ബിര്‍സ മുണ്ടയുടെ കുടുംബത്തിന്റെ മന്ത്രവാദം മൂലമാണെന്ന് സ്ഥലത്തെ വൈദ്യന്‍ ആരോപിച്ചിരുന്നു. മൂന്നാഴ്ച്ച മുമ്പ് നടന്ന സംഭവത്തിന് പിന്നാലെ ബിര്‍സ മുണ്ടയുടെ കുടുംബത്തെ കാണാതാവുകയും ചെയ്തു.
മാതാപിതാക്കളേയും സഹോദരിയേയും കാണാനില്ലെന്ന ബിര്‍സ മുണ്ടയുടെ മൂത്ത മകളുടെ പരാതിയില്‍ പോലീസ് നായയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പിന്നീടാണ് വനത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.