കായംകുളം : വയോധികനായ ഗൃഹനാഥനെ അയല്‍വാസിയായ യുവാവ് പട്ടാപ്പകല്‍ വീട്ടിലെത്തി കഴുത്തറുത്ത് കൊന്നു. നൂറനാട് പുലിമേല്‍ കാഞ്ഞിരവിളയില്‍ ഭാസ്‌കരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിനിടെ വെട്ടേറ്റ ഭാര്യ ശാന്തമ്മയെ പരിക്കുകളോടെ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി പുലിമേല്‍ തുണ്ടില്‍ ശ്യാംസുന്ദറിനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയെത്തേടി വീട്ടിലെത്തിയ പോലീസിനെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെയാണ് കീഴ്‌പ്പെടുത്തിയത്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു . ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. അടുക്കളമുറ്റത്ത് ചക്കവെട്ടുകയായിരുന്ന ഭാര്യ ശാന്തമ്മയുടെ അടുത്തായി അലക്കുകല്ലിനോട് ചേര്‍ന്നിരിക്കുകയായിരുന്നു ഭാസ്‌കരന്‍. ഈ സമയം നൂറുമീറ്റര്‍ ദൂരത്തുള്ള വീട്ടില്‍നിന്നാണ് പ്രതി ചാടി വന്നത്. ശാന്തമ്മയുടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഇയാള്‍ പിടിച്ചുവാങ്ങി. അലക്കുകല്ലില്‍ കയറിനിന്നശേഷം ഭാസ്‌കരനെ ആക്രമിക്കുകയും വെട്ടുകത്തിയുപയോഗിച്ച് കഴുത്തറുക്കുകയുമായിരുന്നു.
ഈ സമയം വീട്ടിലുണ്ടായിരുന്ന മരുമകള്‍ ജയപ്രഭ ഓടിവന്ന് നിലവിളിച്ചതോടെ പരിസരവാസികള്‍ ഓടിക്കൂടി. വിവരമറിഞ്ഞെത്തിയ നൂറനാട് പോലീസ് ഭാസ്‌കരനെ ഇടപ്പോണുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് സ്‌റ്റേഷന്‍ ഓഫീസര്‍ വി.ബിജുവും സംഘവും എത്തിയപ്പോള്‍ ഇയാള്‍ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. കായംകുളം ഡിവൈ.എസ്.പി. ആര്‍.ബിനുവും സംഭവസ്ഥലത്തെത്തി. ആലപ്പുഴയില്‍നിന്ന് ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരെത്തി തെളിവെടുപ്പ് നടത്തി.
പ്രതി സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് ഭാസ്‌കരന്‍ പറഞ്ഞതാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.